10 Jun 2023 9:23 AM GMT
Summary
- ജപ്പാനിലാണു സാധാരണയായി മിയാസാകി മാമ്പഴം കാണപ്പെടുന്നത്
- മിയാസാകി മാമ്പഴത്തിന് സാധാരണയായി 350 ഗ്രാം തൂക്കം വരും
- ഇന്ത്യയില്‍ പഴങ്ങളിലെ രാജാവ് എന്ന് അറിയപ്പെടുന്നത് മാമ്പഴമാണ്
ഇന്ത്യയില്‍ പഴങ്ങളിലെ രാജാവ് എന്ന് അറിയപ്പെടുന്നത് മാമ്പഴമാണ്. അപ്പോള്‍ മാമ്പഴങ്ങളിലെ രാജാവ് ആരാണ് ? അതിന് ഉത്തരം മിയാസാകി എന്നു തന്നെയായിരിക്കും. കാരണം മിയാസാകി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് വില 2.75 ലക്ഷം രൂപയാണ്.
പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നടക്കുന്ന ഏഴാമത് മാംഗോ ഫെസ്റ്റിവലില്‍ മിയാസാകി മാമ്പഴം പ്രദര്‍ശനത്തിനുണ്ട്. ജൂണ്‍ 9 മുതല്‍ മൂന്ന് ദിവസത്തേക്കാണ് പ്രദര്‍ശനം. 262-ലധികം ഇനം മാമ്പഴങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ഇതില്‍ മിയാസാകിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബിര്‍ഭും എന്ന ജില്ലയില്‍നിന്നും മാംഗോ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഷൗക്കത്ത് ഹുസൈന്‍ എന്ന കര്‍ഷകന്‍ 9 മിയാസാകി മാമ്പഴങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇവയ്ക്ക് കിലോയ്ക്ക് 2.75 ലക്ഷം രൂപയാണ് അദ്ദേഹം വിലയിട്ടിരിക്കുന്നത്.
അല്‍ഫോന്‍സോ, ലംഗ്ര, അമ്രപാലി, സൂര്യപുരി, റാണിപസന്ദ്, ലക്ഷ്മണ്‍ഭോഗ്, ഫജ്ലി, ബീര, സിന്ധു, ഹിംസാഗര്‍, കോഹിതൂര്‍ തുടങ്ങി നിരവധി ജനപ്രിയ ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
പശ്ചിമ ബംഗാളിലെ ഒമ്പത് ജില്ലകളില്‍ നിന്നുള്ള 55 കര്‍ഷകര്‍ മാംഗോ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
ജപ്പാനിലാണു സാധാരണയായി മിയാസാകി മാമ്പഴം കാണപ്പെടുന്നത്. പക്ഷേ, ഇപ്പോള്‍ മിയാസാക്കി മാമ്പഴം ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ ബിര്‍ഭും എന്ന ജില്ലയിലും കൃഷി ചെയ്യുന്നുണ്ട്.
ബിര്‍ഭും ജില്ലയിലെ ദുബ്രജ്പൂര്‍ നഗരത്തിലെ ഒരു പള്ളിക്ക് സമീപം മിയാസാകി മാവിന്റെ തൈ നട്ടുപിടിപ്പിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള ആളുകള്‍ ഈ മാവ് കാണാന്‍ ദിനംപ്രതി എത്തുകയാണ്.
ജപ്പാനിലെ ക്യുഷു പ്രവിശ്യയിലെ മിയാസാകി നഗരത്തിലാണ് മിയാസാകി മാമ്പഴത്തിന്റെ ഉത്ഭവം. അങ്ങനെയാണ് മാമ്പഴത്തിനെയും മിയാസാകി എന്ന് വിളിച്ചു തുടങ്ങിയത്.
മിയാസാകി മാമ്പഴത്തിന് സാധാരണയായി 350 ഗ്രാം തൂക്കം വരും. 15 ശതമാനമോ അതില്‍ കൂടുതലോ പഞ്ചസാരയുടെ അംശവുമുണ്ട്.
ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും പ്രചാരത്തിലുള്ള സാധാരണ മാമ്പഴ ഇനങ്ങളില്‍ നിന്നും രൂപത്തിലും നിറത്തിലും ഇത് വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ജനപ്രിയവുമാണ്.
മിയാസാക്കി മാമ്പഴങ്ങളുടെ കൃഷി 70-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും മിയാസാക്കിയില്‍ ആരംഭിച്ചെന്നാണ് പറയപ്പെടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, നഗരത്തിലെ ചൂടുള്ള കാലാവസ്ഥയും സൂര്യപ്രകാശവും സമൃദ്ധമായ മഴയും കര്‍ഷകര്‍ക്ക് മാമ്പഴ കൃഷിയില്‍ അഭിവൃദ്ധി കൈവരിക്കാന്‍ സഹായിച്ചു. ഏപ്രിലിനും ആഗസ്റ്റിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ വിളവെടുപ്പ് നടക്കുന്നത്.
ഈ മാമ്പഴങ്ങള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണെന്നും ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഇത് ക്ഷീണിച്ച കണ്ണുകള്‍ക്ക് ഉത്തമമാണെന്നും പറയപ്പെടുന്നു. കാഴ്ച കുറയുന്നത് തടയാനും അവ സഹായിക്കുമത്രേ.
ഇന്ത്യ, ബംഗ്ലാദേശ്, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും മിയാസാകി ഇനം കൃഷി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനെ കൂടാതെ, മധ്യപ്രദേശിലെ ജബല്‍പൂര്‍ നഗരത്തിലും ഈ മാമ്പഴത്തിന്റെ രണ്ട് മരങ്ങള്‍ വളരുന്നതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു.