17 Dec 2023 9:18 AM GMT
Summary
- വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമാണിത്
- വമ്പന്‍ സമുച്ചയത്തില്‍ 15 നിലകളുള്ള ഒമ്പത് ടവറുകള്‍
- ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ ഭാഗമാണ് എസ്‍ഡിബി
അന്താരാഷ്‌ട്ര വജ്ര, ആഭരണ വ്യാപാരത്തിനുള്ള ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 67 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂറത്ത് ഡയമണ്ട് ബോഴ്‌സ് (എസ്‍ഡിബി) കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണ്. സൂറത്ത് നഗരത്തിനടുത്തുള്ള ഖജോദ് ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അസംസ്‍കൃതം ആയതും പോളിഷ്‍ഡ് ആയതുമായ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായി സൂറത്ത് ഡയമണ്ട് ബോഴ്സ് പ്രവര്‍ത്തിക്കുക. ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക 'കസ്റ്റംസ് ക്ലിയറൻസ് ഹൗസ്', റീട്ടെയിൽ ജ്വല്ലറി ബിസിനസ്സിനായുള്ള ഒരു ജ്വല്ലറി മാൾ, അന്താരാഷ്ട്ര ബാങ്കിംഗ് സൗകര്യവും സുരക്ഷിത നിലവറകളുംതുടങ്ങിയ സജ്ജീകരണങ്ങള്‍ സൂറത്ത് ഡയമണ്ട് ബോഴ്‌സിൽ ഉൾപ്പെടും.
നേരത്തെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വജ്രവ്യാപാരികൾ ഉൾപ്പെടെ നിരവധി വജ്രവ്യാപാരികൾ ഇവിടെ ഇതിനകം ഓഫീസുകൾ ഏറ്റെടുത്തുകഴിഞ്ഞുവെന്ന് എസ്‍ഡിബി മീഡിയ കൺവീനർ ദിനേശ് നവദിയ പറഞ്ഞു. ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ ഭാഗമാണ് എസ്‍ഡിബി.
2015 ഫെബ്രുവരിയിൽ ഗുജറാത്തിന്‍റെ അന്നത്തെ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലാണ് എസ്‍ഡിബി-യുടെയും ഡ്രീം സിറ്റി പദ്ധതിയുടെയും തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്.
ഡ്രീം സിറ്റിക്കുള്ളിൽ 35.54 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന വമ്പന്‍ സമുച്ചയത്തില്‍ 15 നിലകളുള്ള ഒമ്പത് ടവറുകളാണുള്ളത്. 300 ചതുരശ്ര അടി മുതൽ ഒരു ലക്ഷം ചതുരശ്ര അടി വരെ വിസ്തീര്‍ണങ്ങളിലുള്ള ഓഫീസ് സ്പേസുകള്‍ ഇവിടെ ലഭ്യമാണ്. 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാനാകും.