21 Jun 2023 7:17 AM GMT
Summary
- യുഎസ് കമ്പനികള്‍ ചൈനയ്ക്ക് പുറത്തേക്ക്
- ചൈനയില്‍ നിന്നും പുറത്തെത്തുന്ന കമ്പനികള്‍ പ്രഥമ പരിഗണന നല്‍കുന്നത് ഇന്ത്യക്ക്
- നിര്‍ണായക ഗവേഷണങ്ങളിലും ഇന്ത്യ-യുഎസ് സഹകരണം ഉറപ്പാക്കുന്നു
കോവിഡിനുശേഷം ചൈനയില്‍ ഉണ്ടായ സാമ്പത്തിക അസ്ഥിരതയും അടച്ചിടലും മറ്റും അവിടെയുള്ള വിദേശകമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. തുടര്‍ന്ന് തങ്ങളുടെ ഉല്‍പ്പാദനം ഒരു രാജ്യത്ത് കേന്ദ്രീകരിച്ച് നിര്‍ത്തുന്നതിലെ അപകടാവസ്ഥ അവര്‍ തിരിച്ചറിഞ്ഞു. കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രമം ആരംഭിച്ചത് അതിനുശേഷമാണ്. ഇവിടെ ഏറെ നേട്ടം ലഭിച്ചത് ഇന്ത്യക്കാണ്. ഇന്ന് അമേരിക്കന്‍ ബിസിനസുകള്‍ തങ്ങളുടെ വിതരണ ശൃംഖലയെ വൈവിധ്യവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു രാജ്യമായാണ് ഇന്ത്യയെ കാണുന്നതെന്ന് ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം റോ ഖന്ന ഇന്‍ഡസ്-എക്‌സ് സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും പരസ്പര സഹകരണത്തിന് ഇന്ന് ഇന്ത്യക്കും യുഎസിനും നിരവധി അവസരങ്ങളുണ്ട്. ഇത് ഭാഗികമായി പ്രവാസികളുടെ പ്രവര്‍ത്തനം മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യാ-യുഎസ് സഹകരണം എന്നത് മുമ്പ് ഒരു വെല്ലുവിളിയായിരുന്നു. ഇത് സാധ്യമായപ്പോള്‍ ഇരു രാജ്യങ്ങളിലും കോര്‍പ്പറേറ്റ് ശ്രേണികളുടെ വളര്‍ച്ചയും കാണാന്‍കഴിഞ്ഞു. പ്രതിരോധ വകുപ്പിന്റെയും ഇന്ത്യയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഡക്ഷന്റെയും പങ്കാളിത്തത്തോടെ യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഈ ടെക് കമ്പനികളിലൊന്ന് ഇന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ചുമതലയുള്ള വ്യക്തി ഒരു ഇന്തോ-അമേരിക്കന്‍ ആയിരിക്കണമെന്ന നില വന്നെന്ന് തമാശ രൂപേണ അദ്ദേഹം പറഞ്ഞു. പക്ഷേ ഇത് നിര്‍ണായക ഗവേഷണങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് വലിയ അവസരമാണ് നല്‍കുന്നത്.
ചൈനയ്ക്ക് ബദലായി ഇന്ത്യയില്‍ യുഎസ് കമ്പനികളുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നുണ്ടെന്ന് പരസ്പര സഹകരണം മൂലം ഉറപ്പാക്കുകയും ചെയ്യുന്നു.
ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക് അവരുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഖന്ന ഇങ്ങനെ വിശദീകരിച്ചത്. ആപ്പിള്‍ ചൈനയിലെ ഐഫോണ്‍ നിര്‍മ്മാണം ക്രമേണ മറ്റുരാജ്യങ്ങളിലേക്ക് ഇപ്പോള്‍ വ്യാപിപ്പിക്കുകയാണ്. ഇതില്‍ ഇന്ത്യ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രാജ്യമാണ്. നിലവില്‍ ഐഫോണ്‍ നിര്‍മ്മാണം രാജ്യത്ത് നടക്കുന്നുണ്ട്. അതിന്റെ വിഹിതം വര്‍ധിപ്പിക്കുകയാണ് കമ്പനി.
സിലിക്കണ്‍വാലിയിലെയും ബിസിനസ് ലോകത്തിലെ മറ്റ് ഭാഗങ്ങളിലെയും കമ്പനികള്‍ അവരുടെ വിതരണം വൈവിധ്യവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു സ്ഥലമായാണ് ഇന്ത്യയെ കാണുന്നതെന്ന് യുഎസ് ജനപ്രതിനിധിസഭയില്‍ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനപ്രതിനിധി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ യുഎസിലെ ജനപ്രീതിയെക്കുറിച്ച് ഖന്ന തന്റെ പരാമര്‍ശത്തില്‍ ചൂണ്ടിക്കാട്ടി. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇവിടെ വന്നപ്പോള്‍ വേണ്ടത്ര ശ്രദ്ധപോലും ലഭിച്ചിരുന്നില്ല. ഇന്ന് മോദി യുഎസിലെത്തിയപ്പോള്‍ ലഭിക്കുന്ന വരവേല്‍പ്പും ആദരവും മാറുന്ന ഇന്ത്യയുടെ അടയാളമാണെന്നും ഖന്ന പറയുന്നു.
ഇന്ത്യ വളര്‍ന്നു വരുന്ന ജനാധിപത്യ രാജ്യമാണ്. രാജ്യത്തിന് അതിന്റേതായ ആഭ്യന്തര വെല്ലുവിളികള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യ സ്വേച്ഛാധിപത്യ വഴിയിലേക്ക് ഒരിക്കലും തിരിഞ്ഞിട്ടില്ല എന്നത് ആഗോളതലത്തില്‍ പ്രശംസിക്കപ്പെടുന്ന കാര്യമാണ്. ഇന്ത്യയും യുഎസും സമാധാന പൂര്‍ണമായ ഒരുലോകം കെട്ടിപ്പടുക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുമാണ്. ഇവിടെ പരസ്പര സഹകരണത്തിന്റെ വഴികള്‍ തുറക്കപ്പെടുകയാണെന്നും ഖന്ന കൂട്ടിച്ചേര്‍ത്തു.