13 May 2024 11:53 AM GMT
Summary
- സാല്‍മൊണല്ലയുടെ സാന്നിധ്യമാണ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത്.
- 2019 ലും 2023 ലും സമാനമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയിതിരുന്നു
- ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളും ഉപഭോക്താവും കയറ്റുമതിക്കാരനുമാണ് ഇന്ത്യ
ഗുണനിലവാരം പാലിക്കപ്പെടാത്തതിന്റെ പേരില്‍ ആഗോള തലത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ബ്രാന്‍ഡായ എംഡിഎച്ച് വീണ്ടും വിവാദത്തില്‍. 2021 മുതല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 14.5 ശതമാനം ഉല്‍പ്പന്നത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കാരണം നിരസിക്കപ്പെട്ടിരുന്നതാണ് പുതിയ വിവരം. ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ബാക്ടീരിയയായ സാല്‍മൊണല്ലയുടെ സാന്നിധ്യമാണ് കയറ്റുമതി നിരസിക്കപ്പെട്ടിരുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഗുണനിലവാര പരിശോധന നടത്തിവരികയാണ്.
2022-23 ല്‍ യുഎസിലേക്കുള്ള എവറസ്റ്റ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 3.7 ശതമാനം നിര്‍ത്തിവച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം യുഎസിലേക്കുള്ള 189 ഷിപ്പ്മെന്റുകളില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ എംഡിഎച്ച് ഉല്‍പ്പന്നങ്ങളുടെ അമേരിക്കന്‍ കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമാണ് നിരസിക്കപ്പെട്ടതെന്നാണ് കമ്പനി വാദം.
2019ല്‍, എംഡിഎച്ചിന്റെ സുഗന്ധവ്യഞ്ജന വിഭാഗങ്ങളില്‍ സാല്‍മൊണെല്ല മലിനീകരണം സ്ഥിരീകരിച്ചതിനാല്‍ യുഎസില്‍ വില്‍പ്പന തടഞ്ഞിരുന്നു. 2023-ല്‍, സമാനമായ കണ്ടെത്തലുകളെ തുടര്‍ന്ന് എഫ്ഡിഎ, എവറസ്റ്റിന്റെ ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുകയും പൊതുജനാരോഗ്യ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളും സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവും കയറ്റുമതിക്കാരനുമാണ് ഇന്ത്യ. 2022-ല്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി മൂല്യം 10.44 ബില്യണ്‍ ഡോളറാണെന്ന് സയോണ്‍ മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2022-23 കാലയളവില്‍ ഇന്ത്യ നാല് ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തതായി സ്പൈസസ് ബോര്‍ഡ് വ്യക്തമാക്കുന്നു.
എംഡിഎച്ചിന്റെ മൂന്ന് ഉല്‍പ്പന്നങ്ങളും മറ്റൊരു ഇന്ത്യന്‍ കമ്പനിയായ എവറിന്റേയും ഉല്‍പ്പന്നങ്ങള്‍ രാസവസ്തു സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളില്‍ നിരോധിച്ചിരുന്നു. അതേസമയം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബോര്‍ഡ് എംഡിഎച്ച്, എവറസ്റ്റ് സൗകര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ഫലങ്ങള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. എഥിലീന്‍ ഓക്‌സൈഡ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല, മാത്രമല്ല ദീര്‍ഘകാലത്തെ ഉപയോഗം കാന്‍സര്‍ വരാനും കാരണമാകും.
അതേസമയം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്നതിനോ സംസ്‌കരിക്കുന്നതിനോ പായ്ക്ക് ചെയ്യുന്നതിനോ ഉള്ള ഒരു ഘട്ടത്തിലും എഥിലീന്‍ ഓക്സൈഡ് ഉപയോഗിക്കുന്നില്ലെന്നും എംഡിഎച്ച് കൂട്ടിച്ചേര്‍ത്തു.