21 May 2024 6:17 AM GMT
Summary
പുതിയ വില ഉടന്‍ പ്രാബല്യത്തിലാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറ് ഫോര്‍മുലേഷനുകളുടെയും വില കുറച്ചു.
അവശ്യമരുന്നുകളുടെ വില പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന തരത്തിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) യോഗത്തിലാണ് തീരുമാനം.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍, അൻറ്റാസിഡുകൾ, അണുബാധകള്‍, അലര്‍ജികള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ വില കുറയും.
10 കോടിയിലധികം പ്രമേഹ രോഗികളുള്ള ഇന്ത്യ ആഗോളതലത്തില്‍ ഏറ്റവുമധികം കേസുകളുള്ള രാജ്യങ്ങളില്‍ ഒന്നാണ്. മരുന്നും ഇന്‍സുലിനും ആശ്രയിക്കുന്ന രോഗികള്‍ക്ക് ഈ വിലക്കുറവ് ഏറെ ഗുണകരമാണ്.
പ്രമേഹത്തിനുള്ള ഡാപാഗ്ലിഫ്‌ളോസിന്‍ മെറ്റ്‌മോര്‍ഫിന്‍ ഗുളികയ്‌ക്ക് (ഒരെണ്ണം) 30 രൂപയായിരുന്നത് 16 ആക്കി. ആസ്ത്മയ്‌ക്കുള്ള ബഡ്‌സോണൈഡ്, ഫോര്‍മോട്ടറോള്‍ എന്നിവയുടെ വില ഒരു ഡോസിന് 32 രൂപയായിരുന്നത് 6.62 ആക്കി (120 ഡോസിന് 3800 രൂപയായിരുന്നു). രക്തസമ്മര്‍ദത്തിനുള്ള ഹൈഡ്രോക്ലോറോതിയാസൈഡ് ഗുളികയ്‌ക്ക് 11.07 ആയിരുന്നത് 10.45 രൂപയായി. അണുബാധകള്‍ക്കുള്ള സെഫ്റ്റാെൈസഡിമി, അവിബാക്ടം എന്നിവ ഒരു വയലിന് 4000 ആയിരുന്നത് 1569.94 രൂപയായി. അനിഗാസ് ജെല്‍ എന്ന അന്റാസിഡിന്റെ വില ഒരു മില്ലിക്ക് രൂപയായിരുന്നത് 0.56 പൈസയാക്കി. അസ്‌ട്രോവസ്റ്റാറ്റിന്‍, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിന്‍ എന്നിവയുടെ വില ഒരു ഗുളികയ്‌ക്ക് 30 രൂപയായിരുന്നത് 13.84 ആക്കി. ഓയിന്റ്‌മെന്റുകളായ പോവിഡോണ്‍ അയഡിന്‍, ഓണിഡാസോള്‍ എന്നിവയുടെ വില (15 ഗ്രാം) 70 രൂപയായിരുന്നത് 60 ആക്കി.
വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലര്‍മാരെയും സ്‌റ്റോക്കിസ്റ്റുകളെയും അറിയിച്ചിട്ടുണ്ട്. പുതിയ വില ഉടന്‍ പ്രാബല്യത്തിലാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.