image

3 July 2023 7:45 AM GMT

India

17 മുതല്‍ പാസഞ്ചര്‍ വാഹന വില ഉയര്‍ത്താനൊരുങ്ങി ടാറ്റ മോട്ടോര്‍സ്

MyFin Desk

tata motors increase price of passenger vehicles
X

Summary

  • ജൂലൈ 31 വരെയുള്ള ഡെലിവറികൾക്ക് വിലവര്‍ധ ബാധകമാകില്ല
  • മുന്‍കാല ഇന്‍പുട്ട് ചെലവുകളുടെ ആഘാതം കുറയ്ക്കാനെന്ന് വിശദീകരണം


ജൂലൈ 17 മുതൽ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. തങ്ങളുടെ പാസഞ്ചർ വാഹന (ഇവികൾ ഉൾപ്പെടെ) മോഡലുകളിലും വേരിയന്റുകളിലും ശരാശരി 0.6 ശതമാനം വില വർധനയാണ് നടപ്പാക്കുക എന്ന് കമ്പനി ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുൻകാല ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വർധന നടപ്പാക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു.

2023 ജൂലൈ 16 വരെയുള്ള ബുക്കിംഗുകൾക്കും 2023 ജൂലൈ 31 വരെയുള്ള ഡെലിവറികൾക്കും വിലവര്‍ധന ബാധകമാകില്ലെന്നും ടാറ്റാ മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ് പഞ്ച്, നെക്‌സോൺ, ഹാരിയർ തുടങ്ങി നിരവധി പാസഞ്ചര്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു.

ടാറ്റ മോട്ടോഴ്സ് ജൂണില്‍ തങ്ങളുടെ മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ ഒരു ശതമാനം വര്‍ധന രേഖപ്പെടുത്തി 80,383 യൂണിറ്റിലെത്തി. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 47,235 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇതേ മാസത്തെ 45,197 യൂണിറ്റുകളെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ടാറ്റ മേട്ടോര്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

"2023-24 ആദ്യപാദത്തില്‍ വ്യവസായം ശക്തമായ പിവി ആവശ്യകതയ്ക്കാണ് സാക്ഷ്യം വഹിച്ചത്. പ്രത്യേകിച്ച് എസ് യു വി സെക്ഷനിലും ഇവികളിലും അത് പ്രകടമാണ്," ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്‍റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്‍റെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.