12 Dec 2022 7:03 AM GMT
Summary
- ഇലക്ട്രോണിക്ക് സ്‌റ്റോര്‍ ചെയിനായ ക്രോമയാകും ആപ്പിളിന്റെ റീസെല്ലര്‍.
മുംബൈ: ടാറ്റാ ഗ്രൂപ്പ് ഇന്ത്യയില്‍ 100 ആപ്പിള്‍ എക്‌സ്‌ക്ലൂസീസ് ഷോറൂമുകള്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഐപാഡിന്റെ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റിയേക്കും എന്ന് സൂചന വന്ന് ദിവസങ്ങള്‍ക്കകമാണ് ഈ റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഇന്‍ഫിനിറ്റി റീട്ടെയിലിന് കീഴിലുള്ള ഇലക്ട്രോണിക്ക് സ്‌റ്റോര്‍ ചെയിനായ ക്രോമയാകും ആപ്പിളിന്റെ റീസെല്ലര്‍ എന്നും റിപ്പോര്‍ട്ടുകളിലുണ്ട്. രാജ്യത്തെ മുന്‍നിര ഷോപ്പിംഗ് മാളുകളിലും നഗരപ്രദേശങ്ങളിലെ തന്നെ ജനത്തിരക്കേറിയ സ്ഥലങ്ങളിലാകും സ്റ്റോറുകള്‍ സജ്ജീകരിക്കുക എന്നാണ് സൂചന. ഇതിന്റെ ആദ്യപടിയായി മാള്‍ അധികൃതരുമായി ടാറ്റാ ഗ്രൂപ്പ് ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏവിയേഷനിലും ഒന്നാമനാവാന്‍ ടാറ്റ
എയര്‍ ഇന്ത്യ 500 ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് എറ്റെടുത്തതോടെ വലിയതോതിലുള്ള മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. പുതിയ 500 വിമാനങ്ങള്‍ എയര്‍ബസ്, ബോയിംഗ് കമ്പനികളില്‍ നിന്നുമായിരിക്കും എത്തുകയന്നാണ് റിപ്പോര്‍ട്ട്. എയര്‍ബസ് എ350, ബോയിംഗ് 787,777 എന്നിവയുള്‍പ്പെടെ 400 നാരോ ബോഡി ജെറ്റുകള്‍, 100 വൈഡ് ബോഡി ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉറവിടങ്ങളില്‍ നിന്നും കിട്ടയ വിവരമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എയര്‍ബസും, ബോയിംഗും ഇത് സംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല.