6 Jan 2025 11:49 AM GMT
Summary
- മാനവവിഭവ ശേഷി വേണ്ടാത്ത ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഉത്തേജന പാക്കേജ്
- ഇലക്ട്രോണിക്സ്, ഫാര്‍മ അടക്കമുളള മേഖലകളിലെ കമ്പനികള്‍ ഗുണഭോക്താക്കളാകും
ബജറ്റില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന കയറ്റുമതിക്ക് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ. ഇന്ത്യയുടെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.
മാനവവിഭവ ശേഷി വേണ്ടാത്ത ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുക. ഇലക്ട്രോണിക്സ്, ഫാര്‍മ അടക്കമുളള മേഖലകളിലെ കമ്പനികളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍.
സബ്‌സിഡികള്‍, നികുതി ഇളവുകള്‍ തുടങ്ങിയ പാക്കേജുകളാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം പലിശ രഹിത വായ്പ അല്ലെങ്കില്‍ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളും കയറ്റുമതിക്കാര്‍ക്ക് നല്‍കിയേക്കും.
സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും. അസംസ്‌കൃത വസ്തുക്കള്‍ക്ക് പകരം ഉയര്‍ന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുമ്പോള്‍ കയറ്റുമതി വരുമാനം ഉയരുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.
നിലവില്‍, കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കാണ് കുറഞ്ഞ പലിശയിലുള്ള വായ്പ പദ്ധതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം പദ്ധതിയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്ന വിപണി വിപുലീകരിക്കുക, വികസിത ഭാരതം എന്നിവയും കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്.