image

5 Aug 2023 2:54 PM IST

India

തുടര്‍ച്ചയായ നാലാം പാദത്തിലും സ്‍മാര്‍ട്ട്ഫോണ്‍ ആവശ്യകതയില്‍ ഇടിവ്

MyFin Desk

തുടര്‍ച്ചയായ നാലാം പാദത്തിലും സ്‍മാര്‍ട്ട്ഫോണ്‍ ആവശ്യകതയില്‍ ഇടിവ്
X

Summary

  • ജൂണ്‍ പാദത്തില്‍ ചരക്കുനീക്കത്തിലെ വളര്‍ച്ച വിവോയ്ക്ക് മാത്രം
  • ഏറ്റവും വലിയ നഷ്ടം ഷവോമിക്ക്
  • ആവശ്യകതയെ കുറയ്ക്കുന്നത് സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങള്‍


രാജ്യത്തിന്‍റെ സ്മാര്‍ട്ട് ഫോണ്‍ ചരക്കു നീക്കം തുടര്‍ച്ചയായ നാലാം പാദത്തിലും ഇടിവ് രേഖപ്പെടുത്തി. 3 ശതമാനം വാര്‍ഷിക ഇടിവോടെ 34 ദശലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കമാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നടന്നത്. അതിനു തൊട്ടു മുന്‍പുള്ള മൂന്ന് പാദങ്ങളില്‍ 16 ശതമാനം, 27 ശതതമാനം, 10 ശതമാനം എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തിയിരുന്നുവെന്നും ഇന്‍റര്‍നാഷണല്‍ ഡാറ്റാ കോര്‍പ് പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2023-ന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ കയറ്റുമതി ചെയ്ത മൊത്തം സ്‌മാർട്ട്‌ഫോണുകളുടെ എണ്ണത്തിൽ 10% ഇടിവുണ്ടായി, 64 ദശലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കമാണ് ഇക്കാലയളവില്‍ നടന്നത്. സാങ്കേതികവും സാമ്പത്തികവുമായ കാരണങ്ങള്‍ സ്‍മാര്‍ട്ട് ഫോണ്‍ ആവശ്യകത കുറയുന്നതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകൾ, ഉപയോക്താക്കളെ ഫോണുകള്‍ പുതുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ആകർഷകമായ ഫീച്ചറുകളുടെ അഭാവം, വിലകുറഞ്ഞ 5 ജി ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ ബ്രാൻഡുകളുടെ കഴിവില്ലായ്മ, വിതരണ ശൃംഖലയിലെ ഉയര്‍ന്ന ചെലവ് എന്നിവയെല്ലാം സ്‍മാര്‍ട്ട് ഫോണ്‍ ആവശ്യകതയെ നെഗറ്റിവായി ബാധിച്ചു.

ഏറ്റവും മികച്ച അഞ്ച് ബ്രാൻഡുകളിൽ വിവോ മാത്രമാണ് ജൂണ്‍ പാദത്തിലെ ചരക്കുനീക്കത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സെപ്‌റ്റംബർ പാദം വരെ തുടർച്ചയായി അഞ്ച് വർഷക്കാലം ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഷവോമി ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി, ചരക്കുനീക്കത്തില്‍ 39 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്.