2 Jun 2023 2:59 PM GMT
Summary
- ഉല്‍പ്പാദനച്ചെലവില്‍ വര്‍ധന;ന്യായവിലയില്ലാതെ ഉല്‍പ്പന്നം
- മൊത്തം ഉല്‍പ്പാദനത്തിന്റെ 52 ശതമാനം ചെറുകിട മേഖലയില്‍
- ചെറുകിടക്കാര്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതിലും സ്ഥാപനങ്ങള്‍ക്ക് വിമുഖത
ചെറുകിട തേയില കര്‍ഷകരുടെ (എസ്ടിജി) പ്രതിസന്ധികള്‍ക്ക് കടുപ്പം കുറയുന്നില്ല. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിഡിഒ ഇന്ത്യ എല്‍എല്‍പി ആണ് റിപ്പോര്‍ട്ട്തയ്യാറാക്കിയത്. എസ്ടിജികളുടെ അപെക്സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്‌മോള്‍ ടീ ഗ്രോവേഴ്സ് അസോസിയേഷനുകള്‍ (സിസ്റ്റ) പറയുന്നത് ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നു, എന്നാല്‍ ഉല്‍പ്പന്നത്തിന് ന്യായ വില ലഭിക്കുന്നില്ല എന്നാണ്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള തേയില ഉല്‍പ്പാദനത്തില്‍ അവരുടെ സംഭാവന 52 ശതമാനത്തിനടുത്താണ്. എന്നാല്‍ മികച്ച വില ഉറപ്പാക്കാനാവാത്തത് ചെറുകിട തേയില കര്‍ഷകരുടെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏതാനും ദിവസം മുമ്പ് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാളുമായി സിസ്റ്റയുടെ ഒരു പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചാവേളയില്‍ രാജ്യത്തെ എസ്ടിജികളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആവശ്യപ്പെട്ട് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സിസ്റ്റ പ്രസിഡന്റ് ബിജോയ് ഗോപാല്‍ ചക്രവര്‍ത്തി പറഞ്ഞു.
ക്ലസ്റ്റര്‍ വികസനം ഈ മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇത് അവര്‍ക്ക് ആദായകരമായ വില ലഭിക്കുന്നതിന് സഹായിക്കും.
ഈ സാഹചര്യത്തില്‍, ആഭ്യന്തര, കയറ്റുമതി വിപണികളില്‍ ഗുണനിലവാരമുള്ള ഉല്‍പ്പാദനത്തിനും ബ്രാന്‍ഡ് നിര്‍മ്മാണത്തിനുമായി പ്രധാന തേയില ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകളുടെ വികസനം സര്‍ക്കാര്‍ പരിഗണിച്ചേക്കാമെന്ന് ചക്രവര്‍ത്തി പറഞ്ഞു.
2022ല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച 1350 ദശലക്ഷം കിലോഗ്രാം തേയിലയില്‍ 52 ശതമാനവും എസ്ടിജിയുടെ സംഭാവനയാണെന്ന് സിസ്റ്റ അവകാശപ്പെടുന്നു.
പാക്കറ്റിംഗിലേക്ക് മാറാന്‍ ശ്രമിക്കുന്ന എസ്ടിജികള്‍ക്ക് പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്തുണ നല്‍കുന്നതിന്റെ ആവശ്യകതയും സിസ്റ്റ എടുത്തു പറയുന്നു.
കൂടാതെ വന്‍തോതില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തേയില വ്യാപാരത്തിലെ സ്റ്റാര്‍ട്ടപ്പുകളെയും അവര്‍ പിന്തുണയ്ക്കുന്നു. സ്വന്തമായി ടീ ഗാര്‍ഡനുകളില്ലാതെ തേയില സംസ്‌കരിക്കുന്ന ഫാക്ടറികളെ സംബന്ധിച്ച് അവരുടെ പ്രവര്‍ത്തനങ്ങളുടെ ആധുനികവല്‍ക്കരണം ചെറുകിടക്കാരുടെ വികസനത്തിന് അനിവാര്യമാണെന്നും സിസ്റ്റ കരുതുന്നു.
'നല്ല ഗുണനിലവാരമുള്ള തേയിലയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന്, പച്ച ഇലകളുടെ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫാക്ടറികള്‍ പ്രധാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തേയില മേഖലയ്ക്കായി പ്രത്യേക പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും സിസ്റ്റ പറയുന്നു.
സ്ഥാപനങ്ങളില്‍ നിന്ന് വായ്പ സമാഹരണത്തിന് എസ്ടിജികള്‍ നേരിടുന്ന തടസങ്ങളും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു. എസ്ടിജികളുടെ മുന്‍കാല സാമ്പത്തിക ചരിത്രത്തിന്റെ അഭാവം ഈ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൊഫൈലുകളില്‍ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും അവര്‍ക്ക് വായ്പ നല്‍കുന്നതിന് വിമുഖത കാണിക്കുന്നു.
കൂടാതെ, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തേയില മേഖലയ്ക്ക് വിള ഇന്‍ഷുറന്‍സ് പിന്തുണയുടെ അഭാവവും ഉല്‍പ്പാദകര്‍ അഭിമുഖീകരിക്കുന്ന ഒരു പോരായ്മയാണെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
നിലവില്‍, ഇന്ത്യയില്‍ 2.4 ലക്ഷം എസ്ടിജികളുണ്ട്, അവയുടെ സംയോജിത ഉല്‍പ്പാദനം ഏകദേശം 690 ദശലക്ഷം കിലോഗ്രാം ആണ്.