12 Dec 2023 11:01 AM GMT
Summary
- വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി ജനുവരിയില്‍
- സിംഗപ്പൂര്‍ ഇന്ത്യയുടെ വിശ്വസ്ത പങ്കാളി
- നിക്ഷേപ അവസരങ്ങളില്‍ സിംഗപ്പൂരിന് താല്‍പ്പര്യം
അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ സിംഗപ്പൂരിന്റെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷണര്‍ സൈമണ്‍ വോങ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഗാന്ധിനഗറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഹൈക്കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായി വോങ് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിംഗപ്പൂര്‍ ഏറെക്കാലമായി ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ കൂടുതല്‍ ശക്തമായതായും പട്ടേല്‍ വോങിനെ അറിയിച്ചു.
ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ പ്രധാന ഉദാഹരണമായി ഇന്ത്യ-സിംഗപ്പൂര്‍ ഉഭയകക്ഷി ബന്ധത്തെ എടുത്തുകാട്ടാവുന്നതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററും സംസ്ഥാന തലസ്ഥാനത്തിനടുത്തുള്ള ഗിഫ്റ്റ് സിറ്റിയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ പട്ടേല്‍ വോങിനെ അറിയിച്ചു.
ഗ്രീന്‍ അമോണിയ, ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്സ്, ഫിന്‍ടെക് തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളില്‍ വോങ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗുജറാത്തിന്റെ സെമികണ്ടകറ്റര്‍ നയവും ഇലക്ട്രോണിക്സ് നിര്‍മ്മാണത്തിലെ അവസരങ്ങളും അറിയാന്‍ താല്‍പ്പര്യവും പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സംഘം നടത്തിയ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ വിജയത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
വൈബ്രന്റ് ഉച്ചകോടി-2024-ല്‍ പങ്കെടുക്കാന്‍ പട്ടേല്‍ വോങിനെ ക്ഷണിച്ചുവെന്നും സിംഗപ്പൂരിന്റെ പങ്കാളിത്തം ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.