13 Oct 2023 2:15 PM IST
Summary
- സാധാരണ ജോലിയെക്കാളും സ്വയം തൊഴിലിനെക്കാളും മികച്ച തൊഴിലായി ശമ്പളമുള്ള ജോലി കണക്കാക്കപ്പെടുന്നുണ്ട്.
രാജ്യത്തെ തൊഴില്‍ നിലവാരം ഇടിയുന്നു.
2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ പ്രധാനപ്പെട്ട 21 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ 12 എണ്ണത്തിലും തൊഴില്‍ നിലവാരം കുറഞ്ഞതായി നാഷ്ണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട തൊഴില്‍ശക്തി സർവേയില്‍ പറയുന്നു. ശമ്പള ജോലികളിലെ ജീവനക്കാരുടെ അനുപാതത്തില്‍ ഇടിവ് വന്നതാണ് കാരണം.
സ്ഥിര ശമ്പളമുള്ള ജോലിയിലെ തൊഴിലാളികളുടെ വിഹിതത്തില്‍ അസമിലാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചിട്ടുള്ളത്. 2021 ജൂലൈ-2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 19.5 ശതമാനമായിരുന്നത് 2002 ജൂലൈ-ജൂണ്‍ 2023 കാലയളവില്‍ 10.8 ശതമാനമായി കുറഞ്ഞു. കുറവ് 8.7 ശതമാനം.
ഡല്‍ഹി (6.2 ശമതാനം), ഉത്തരാഖണ്ഡ് (5.2 ശതമാനം) ഛത്തീസ്ഗഢ് (1.6 ശതമാനം) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ കുറവു വന്നിട്ടുള്ളത്. ഈ കാലയളവില്‍ ഈ സംസ്ഥാനങ്ങളില്‍ സ്വയം തൊഴിലുകളിലും താല്‍കാലിക ജോലികളിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഡല്‍ഹിയില് സ്ഥിരജോലിക്കാരുടെ വിഹിതം 2022 -ലെ 65 .8 ശതമാനത്തില്‍നിന്നും 59 . 6 ശതമാനമായി കുറഞ്ഞു.
അതേസമയം കേരളവും പഞ്ചാബുമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ വിഹിതം വർധിച്ചിട്ടുണ്ട്. 2023 -ല്‍ കേരളത്തില്‍ സ്ഥിരം വേതനം ലഭിക്കുന്നവരുടെ വിഹിതം മൊത്തം തൊഴിലാളികളുടെ 32 .9 ശതമാനമാണ്. 2022-ലിത് 30 .9 ശതമാനമായിരുന്നു. പഞ്ചാബില്‍ സ്ഥിരം വേതന തൊഴിലാളികളുടെ വിഹിതം 2.5 ശതമാനമുയർന്ന് 33.4 ശതമാനമായി. ഹരിയാന (2.2 ശതമാനം പോയിന്റ്), കേരളം (2 ശതമാനം പോയിന്റ്), തെലങ്കാന (1.9 ശതമാനം പോയിന്റ്) എന്നിവ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങള്‍.
പതിവ് വേതനം അല്ലെങ്കില്‍ സ്ഥിരം ശമ്പളമുള്ള ജോലി, സാധാരണ ജോലിയെക്കാളും സ്വയം തൊഴിലിനെക്കാളും മികച്ചതായാണ് പൊതുവേ സമൂഹത്തില്‍ കണക്കാക്കപ്പെടുന്നുണ്ട്. ദേശീയ തലത്തില്‍ സ്ഥിരമായില കൂലി ലഭിക്കുന്ന തൊഴിലാളികളുടെ ( റെഗുലര്‍ വേജ് വര്‍ക്കേഴ്‌സ്) വിഹിതവും ഇക്കാലയളവില്‍ 21.5 ശതമാനത്തില്‍ നിന്ന് 20.9 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.2 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. എന്നാല്‍ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (എല്‍എഫ്പിആര്‍) 57.9 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയിട്ടും തൊഴില്‍ ഗുണനിലവാരത്തില്‍ മോശം പ്രകടനമാണ് കാണിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരുടെ വിഹിതം ഈ കാലയളവില്‍ ചെറുതായി വര്‍ധിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ തൊഴില്‍ വിപണികളിലെ ശോചനീയാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ പങ്ക് 45.5 ശതമാനത്തില്‍ നിന്ന് 45.8 ശതമാനമായി ഉയര്‍ന്നു.