15 Nov 2023 11:38 AM GMT
ഇന്ത്യന്‍ ശത്രുക്കള്‍ക്ക് റഷ്യന്‍ പ്രതിരോധം; ഇഗ്ല എസ് ആന്റി എയര്‍ ക്രാഫ്റ്റ് മിസൈല്‍ ഇന്ത്യയിലേക്ക്
MyFin Desk
Summary
- ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടയിലും, ഇന്ത്യയിലേക്കുള്ള സൈനിക ഹാര്‍ഡ് വെയര്‍ വിതരണം ഉള്‍പ്പെടെ റഷ്യയില്‍ നിന്നുള്ള സൈനിക സഹകരണം തുടരുകയാണ്
അത്യാധുനിക ആന്റി എയര്‍ ക്രാഫ്റ്റ് മിസൈലുകളായ ഇഗ്ല എസ് ഇന്ത്യക്ക് വിതരണം ചെയ്യാന്‍ കരാറൊപ്പിട്ട് റഷ്യ. വിതരണത്തിന് പുറമേ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈസന്‍സിന് കീഴില്‍ ഇഗ്ല നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്റര്‍ എന്നിവക്ക് ഭീഷണി ഉയര്‍ത്തുന്നവയാണിവ. ഇഗ്ല-എസ് ഒരു മാന്‍-പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് (MANPADS).
'കരാറില്‍ ഞങ്ങള്‍ ഒപ്പുവച്ചു കഴിഞ്ഞു. നിലവില്‍ ഒരു ഇന്ത്യന്‍ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഇഗ്ല-എസ് മന്‍പാഡ്സിന്റെ ഉല്‍പാദനം സാധ്യമാക്കാനൊരുങ്ങുകയാണ്,' ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോനെക്സ്പോര്‍ട്ടിന്റെ തലവന്‍ അലക്സാണ്ടര്‍ മിഖയേവിനെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സി ആയ ടാസ് റിപ്പോർട്ട് ചെയ്യുന്നു. ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ആഗോള തലത്തില്‍ മുന്‍നിരയിലാണ്. റഷ്യയാണ് ഇന്ത്യയുടെ വലിയ ആയുധ ദാതാക്കൾ.
ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടയിലും, ഇന്ത്യയിലേക്കുള്ള സൈനിക ഹാര്‍ഡ് വെയര്‍ വിതരണം ഉള്‍പ്പെടെ റഷ്യയില്‍ നിന്നുള്ള സൈനിക സഹകരണം തുടരുകയാണ്. അഞ്ചോ ആറോ കിലോമീറ്ററാണ് ഈ മിസൈലിന്റെ ദൂരപരിധി. ശത്രുവിമാനങ്ങളെ കൈകൊണ്ട് വെടിവെച്ച് നശിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ മിസൈലിന്റെ പ്രത്യേകത.
സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം 2018 നും 2022 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 45 ശതമാനം റഷ്യയില്‍ നിന്നാണ്. ബാക്കി വരുന്നതില്‍ 29 ശതമാനം ഫ്രാന്‍സും 11 ശതമാന അമേരിക്കയുമാണ് നല്‍കുന്നത്. ഏതൊക്കെ ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടുമെന്നോ, ഉല്‍പ്പാദനം എപ്പോള്‍ ആരംഭിക്കുമെന്നോ ഉള്ള വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല.
റോസോബോറോനെക്സ്പോര്‍ട്ടും ഇന്ത്യന്‍ പങ്കാളികളും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് Su-30MKI യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ഷെല്ലുകള്‍ എന്നിവ നല്‍കിയിട്ടുണ്ടെന്ന് മിഖേവ് പറഞ്ഞു.
2018 ഒക്ടോബറില്‍, ട400 എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റത്തിന്റെ അഞ്ച് യൂണിറ്റുകള്‍ വാങ്ങാന്‍ റഷ്യയുമായി അഞ്ച് ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. 2021 ഡിസംബറില്‍ റഷ്യ മിസൈല്‍ സംവിധാനത്തിന്റെ ആദ്യ റെജിമെന്റ് വിതരണം ആരംഭിച്ചു. വടക്കന്‍ മേഖലയിലെ ചൈനയുമായുള്ള അതിര്‍ത്തിയുടെ ഭാഗങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ അതിര്‍ത്തിയിലും ഇന്ത്യ ഇത് വിന്യസിച്ചിരുന്നു. റഷ്യയുടെ ഏറ്റവും ഹൈടെക് മിസൈലായാണ് എസ്-400 അറിയപ്പെടുന്നത്. ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന പ്രതിരോധ മിസൈലാണിത്.