15 Jan 2024 2:30 PM GMT
Summary
- രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ഭക്ഷ്യ സേവന വ്യവസായം
വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി നിരക്ക് നിലവിലെ 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ച് റെസ്റ്റോറന്റുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) പുന:സ്ഥാപിക്കണമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.
തുല്യവും നീതിയുക്തവുമായ ഇ-കൊമേഴ്സ് നയം ഉറപ്പാക്കണമെന്നും സമതുലിതമായ നയങ്ങളും നിയന്ത്രണങ്ങളും പ്രാപ്തമാക്കാന്‍ ഇത് ആവശ്യമാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) പറഞ്ഞു.
പാന്‍ഡെമിക് സമയത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച മേഖലകളിലൊന്നാണ് റെസ്റ്റോറന്റ് വ്യവസായം. എന്നാല്‍ അതിജീവിക്കാന്‍ വലിയ പ്രതിരോധം കാണിച്ച റെസ്റ്റൊറന്റ് മേഖല അതിനുശേഷം സ്ഥിരമായ വീണ്ടെടുക്കലിന്റെ പാതയിലാണ്. വരാനിരിക്കുന്ന ബജറ്റില്‍ ഈ മേഖലയ്ക്ക് ഒരു നിശ്ചിത തുക നീക്കിയിരിപ്പ് ലഭിക്കുകയാണെങ്കില്‍, ത്വരിതഗതിയിലുള്ള വളര്‍ച്ചയിലേക്ക് ഈ മേഖലയെ മുന്നോട്ട് നയിക്കുമെന്ന് അസോസിയേഷന്‍ പറഞ്ഞു. ഐടിസിയുടെ ലഭ്യതയില്ലാതെ അഞ്ച് ശതമാനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരേയൊരു വ്യവസായമാണിത്.
ഐടിസിയുടെ അഭാവം ബിസിനസിന്റെ പ്രവര്‍ത്തന മാര്‍ജിന്‍ കുറയ്ക്കുക മാത്രമല്ല, ഒരു പുതിയ പ്രോജക്റ്റിനുള്ള മൂലധന ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ദ്ധിച്ച പദ്ധതിച്ചെലവ് വിപുലീകരണ പദ്ധതികളെ മന്ദഗതിയിലാക്കുന്നു, ഇത് മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയെ വന്‍തോതില്‍ ബാധിക്കുന്നുവെന്നും സംഘടന പറഞ്ഞു.
ഒരു നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള റെസ്റ്റോറന്റുകള്‍ക്ക് നിലവിലെ ജിഎസ്ടി വ്യവസ്ഥകള്‍ക്കൊപ്പം തുടരാം. സംഘടിത ഉയര്‍ന്ന വരുമാനവും മൂലധന വിഹിതവുമുള്ള മേഖല നിര്‍ദ്ദിഷ്ട ജിഎസ്ടി വ്യവസ്ഥയിലേക്ക് നീങ്ങാം. ഇന്ത്യയിലെ ഭക്ഷ്യ സേവന വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് എന്‍ആര്‍ഐ പ്രസിഡന്റ് കബീര്‍ സൂരി പറഞ്ഞു. വ്യവസായം ഗവണ്‍മെന്റിന്റെ വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.