12 Feb 2024 1:30 PM GMT
Summary
- നവീകരണത്തെ പിന്തുണക്കാൻ റിസര്‍വ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്
- ജനുവരി 31-നാണു പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയത്
- പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായ മഞ്ജു അഗര്‍വാള്‍ രാജിവച്ചു
പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ (പിപിബിഎല്‍) സ്വീകരിച്ച നടപടി പുനഃപരിശോധിക്കാന്‍ സാധ്യതയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഫെബ്രുവരി 29 ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്റ്റ് ടാഗുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നത് നിര്‍ത്താന്‍ പേടിഎം പേയ്മെന്റ് ബാങ്കിനോട് ജനുവരി 31 ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഈ നടപടി അവലോകനം ചെയ്യാന്‍ സാധ്യത വിരളമാണെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദാസ് പറഞ്ഞു. സമഗ്രമായ വിലയിരുത്തലിനുശേഷം മാത്രമേ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍ബിഐ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിന്‍ടെക് മേഖലയെ ആര്‍ബിഐ പിന്തുണയ്ക്കുന്നുവെന്ന് ഊന്നിപ്പറയുമ്പോള്‍, ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ഇത്തരം കമ്പനികള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പേടിഎം വിഷയത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഉടന്‍ തന്നെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.