image

31 May 2024 9:21 AM GMT

India

ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ച് ആര്‍ബിഐ

MyFin Desk

rbi brought 100 tons of gold stored in britain to india
X

Summary

1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി


ബ്രിട്ടനില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്ന ബാങ്കിന് നല്‍കുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആര്‍ബിഐയുടെ തീരുമാനം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്.

വിദേശത്തുള്ള സ്വര്‍ണ നിക്ഷേപത്തില്‍ പകുതിയിലധികവും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നത്. മൂന്നില്‍ ഒന്നു മാത്രമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നത്. 1991ന് ശേഷം ആദ്യമായാണ് വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണം വലിയ തോതില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വരും മാസങ്ങളില്‍ സമാനമായ അളവില്‍ സ്വര്‍ണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് അവസാനം ആര്‍ബിഐയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അതില്‍ 413.8 ടണ്‍ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ച് വരികയാണ്. 2019 മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 19 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിക്കൂട്ടിയത്. മുന്‍വര്‍ഷം മൊത്തത്തില്‍ വാങ്ങിയത് 16 ടണ്‍ മാത്രമാണ്. ഇതിനു മുമ്പ് 2009-ൽ അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ആര്‍ബിഐ 200 ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു.