image

9 Jun 2023 4:08 AM GMT

India

എംപ്ലോയീ സ്റ്റോക്ക് പർച്ചേസ് സ്കീം വഴി ഫണ്ട് സമാഹരണത്തിന് തയാറെടുത്ത് പിഎൻബി

MyFin Desk

എംപ്ലോയീ സ്റ്റോക്ക് പർച്ചേസ് സ്കീം വഴി ഫണ്ട് സമാഹരണത്തിന് തയാറെടുത്ത് പിഎൻബി
X

Summary

  • 780 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് പദ്ധതി
  • നിലവില്‍ സർക്കാരിന്‍റെ കൈവശമുള്ളത് 73.15 % ഓഹരി
  • 15 കോടി വരെ ഇക്വിറ്റി ഓഹരികൾ പുറത്തിറക്കാന്‍ നിര്‍ദേശം


എംപ്ലോയി സ്റ്റോക്ക് പർച്ചേസ് സ്കീമിന് (ഇഎസ്‍പിഎസ്) കീഴിൽ 15 കോടി വരെയുള്ള ഓഹരികൾ വിറ്റഴിച്ച് ഫണ്ട് സ്വരൂപിക്കാൻ തയാറെടുക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). നിലവിലെ വിപണി വിലയനുസരിച്ച്, 780 കോടി രൂപ വരെ സമാഹരിക്കുന്നതിനാണ് പിഎന്‍ബി പദ്ധതിയിടുന്നത്. .

2 രൂപ മുഖവിലയുള്ള 15 കോടി വരെ ഇക്വിറ്റി ഓഹരികൾ പുറത്തിറക്കാന്‍ അനുവദിക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ളത്. പിഎൻബി വാർഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുക. യോഗം ജൂൺ 30-ന് നടക്കുമെന്ന് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. , നിലവിലുള്ള ഇക്വിറ്റി ഷെയറുകള്‍ക്കു സമാനമായി ഡിവിഡന്റ് ഉള്‍പ്പടെയുള്ള എല്ലാ സവിശേഷതകളും ഈ ഇക്വിറ്റി ഓഹരികള്‍ക്കും ഉണ്ടായിരിക്കും.

സർക്കാരിന്‍റെ ഓഹരി പങ്കാളിത്തം 52 ശതമാനത്തിന് താഴെ വരാത്ത വിധത്തിൽ, പിന്‍ബി ബോര്‍ഡിന് ഉചിതമെന്ന് തോന്നുന്ന വിലയിലും വ്യവസ്ഥകളിലുമായിരിക്കും പിഎന്‍ബി-ഇഎസ്‍പിഎസിന്‍റെ അവതരണം നടക്കുക. 2023 മാർച്ച് 31ലെ കണക്കുപ്രകാരം ബാങ്കിൽ സർക്കാരിന്റെ കൈവശമുള്ളത് 73.15 ശതമാനമാണ്.

2018ൽ സ്റ്റാഫ് സ്റ്റോക്ക് പർച്ചേസ് സ്കീമിന് കീഴിൽ പിഎന്‍ബി ജീവനക്കാരിൽ നിന്ന് 500 കോടി രൂപയുടെ സമാഹരണം നടത്തിയിരുന്നു. അന്ന് 10 കോടി വരെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഒരു ഓഹരിക്ക് 53.95 രൂപ എന്ന ഡിസ്‍കൗണ്ട് നിരക്കില്‍ നല്‍കിയത്.

മാർച്ചില്‍ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായം അഞ്ചിരട്ടി വർധിച്ച് 1,159 കോടി രൂപയായെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) അറിയിച്ചു. കിട്ടാക്കടങ്ങള്‍ കുറഞ്ഞതും പലിശ വരുമാനത്തിലെ വർധനയുമാണ് സാമ്പത്തിക പ്രകടനത്തിലെ ഈ കുതിപ്പിന് കാരണം. ബാങ്ക് മുന്‍ വർഷം ഇതേ കാലയളവിൽ 202 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്. നാലാം പാദത്തിൽ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ വര്‍ഷം സമാന കാലയളവിലെ 21,095 കോടി രൂപയിൽ നിന്ന് 27,269 കോടി രൂപയായി ഉയർന്നു. പലിശ വരുമാനം മുൻവർഷം നാലാംപാദത്തിലെ 18,645 കോടി രൂപയിൽ നിന്ന് അവലോകന കാലയളവിൽ 23,849 കോടി രൂപയായി വളർന്നു.