5 July 2023 9:00 AM GMT
Summary
- വായ്പാ വിതരണത്തില്‍ 2.5 മടങ്ങ് വാര്‍ഷിക വര്‍ധന
- ഉപയോക്താക്കളുടെ എണ്ണത്തില്‍ 23% വളര്‍ച്ച
പേടിഎം ബ്രാൻഡിന്‍റെ ഉടമകളായ ഫിൻടെക് സ്ഥാപനം വണ്‍97 കമ്മ്യൂണിക്കേഷൻസ് ഈ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത വ്യാപാര മൂല്യത്തിൽ (ജിഎംവി) 37 ശതമാനം വളർച്ച കൈവരിച്ച് 4.05 ട്രില്യൺ രൂപയിലെത്തി. പ്ലാറ്റ്‌ഫോമിലെ വ്യാപാരികൾക്ക് ലഭിച്ച മൊത്തം പേയ്‌മെന്റുകളെ പ്രതിഫലിപ്പിക്കുന്ന താണ് ജിഎംവി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 2.96 ട്രില്യൺ രൂപയായിരുന്നു ജിഎംവി രേഖപ്പെടുത്തിയിരുന്നത്.
പേടിഎം വഴി വിതരണം ചെയ്ത വായ്പയുടെ മൂല്യം അവലോകന കാലയളവില്‍ 2.5 മടങ്ങ് വാര്‍ഷിക വര്‍ധനയോടെ 14,845 കോടി രൂപയായി. 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇത് 5,554 കോടി രൂപയായിരുന്നു. വോളിയം ഇതേ കാലയളവിൽ 8.5 ദശലക്ഷത്തിൽ നിന്ന് 51 ശതമാനം വർധിച്ച് 12.8 ദശലക്ഷമായി.
"മേയ് മാസത്തിലെ ഉയർന്ന വായ്പാ വിതരണത്തിന്‍റെ തുടര്‍ച്ചയാണ് ജൂണില്‍ പ്രകടമായത്. ഞങ്ങളുടെ ഒരു പാര്‍ട്‍ണര്‍ സ്ഥാപനം സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നതിനാൽ ഏപ്രില്‍ മുതല്‍ വിതരണം ചെയ്യപ്പെടാതെ കിടന്ന വായ്പകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്," പേടിഎം പറഞ്ഞു.
മാസത്തില്‍ ശരാശരി ഒരു തവണയെങ്കിലും ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 2022 ജൂൺ പാദത്തിലെ 75 ദശലക്ഷത്തിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ 23 ശതമാനം വർധിച്ച് 92 ദശലക്ഷമായി.