21 March 2024 10:20 AM
Summary
- ലോകോത്തര ഹോട്ടലുകള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് വിക്രം ഒബ്‌റോയ്
- ട്രയ്ഡന്റ് ബ്രാന്‍ഡ്, ഒബ്‌റോയ് ബ്രാന്‍ഡ് എന്നിവ വിപുലീകരിക്കും
- ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും പുതിയ ഹോട്ടലുകള്‍
2030 ഓടെ 50 പുതിയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് ദി ഒബ്‌റോയ് ഗ്രൂപ്പ്. ട്രെയ്ഡന്റ് ബ്രാന്‍ഡ്, ഒബ്‌റോയ് ബ്രാന്‍ഡ് എന്നിവയാണ് വിപുലീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ചെറിയ ഹോട്ടലുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഒബ്‌റോയ് നേച്ചര്‍ എന്ന പേരിലായിരിക്കും ഇവ അറിയപ്പെടുക എങ്കിലും ബ്രാന്‍ഡ് നെയിമില്‍ അന്തിമ തീരുമാനമായില്ല. നിലവില്‍ പുതിയ ആഡംബര ഹോട്ടലുകള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒബ്റോയ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഇഐഎച്ച് ലിമിറ്റഡിന്റെ സിഇഒയും എംഡിയുമായ വിക്രം ഒബ്റോയ് പറഞ്ഞു. ഇന്ത്യയിലെ ഹോട്ടലുകള്‍ ലോകോത്തര നിലവാരമുള്ളവയാണെന്നും അതിനാല്‍ ഇന്ത്യയില്‍ ഹോട്ടല്‍ നിരക്കുകളില്‍ വര്‍ധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒബ്റോയ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഇഐഎച്ച് ലിമിറ്റഡ്, ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 28 ശതമാനം വളര്‍ച്ച സ്വന്തമാക്കിക്കൊണ്ട് 770 കോടി രൂപ വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നികുതിക്കു ശേഷമുള്ള ലാഭം 55 ശതമാനം ഉയര്‍ന്ന് 230 കോടി രൂപയായി. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ അതിന്റെ അനുബന്ധ സ്ഥാപനമായ മുംതാസ് ഹോട്ടല്‍സ് ആന്ധ്രാപ്രദേശിലെ ഗണ്ടിക്കോട്ടയില്‍ 60 കോടി രൂപയുടെ ആഡംബര റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു.
മധ്യപ്രദേശിലെ ഖജുരാഹോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആഡംബര താമസ പദ്ധതിയായ ഒബ്റോയ് രാജ്ഗഡ് പാലസിന്റെ വികസനത്തിലാണ് ഗ്രൂപ്പ്. പന്ന വനമേഖലയോട് ചേര്‍ന്നുള്ള 62 ഏക്കര്‍ സ്ഥലത്താണ് റിസോര്‍ട്ട്.