11 Oct 2024 9:04 AM GMT
രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരൻ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ് ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ടാറ്റ ബ്രാൻഡിന് കീഴിൽ വരുന്ന വിവിധ ഉൽപന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്. രത്തൻ ടാറ്റ അന്തരിച്ചതോടെയാണ് ട്രസ്റ്റ് പിൻഗാമിയെ തേടിയത്.
നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ് നോയല്‍ ടാറ്റ. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു.
ടാറ്റ ഇന്റർനാഷണലിലൂടെയാണ് നോയൽ കരിയർ ആരംഭിച്ചത്. 1999 ജൂണിൽ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ റീടെയിൽ വിഭാഗമായ ട്രെന്റിന്റെ മാനേജിങ് ഡയറക്ടറായി അദ്ദേഹം മാറി. നോയലിന്റെ കാലത്താണ് ഡിപ്പാർട്ട്മെന്റൽ സ്റ്റോർ ലിറ്റിൽവുഡ്സ് ഇന്റർനാഷണൽ, വെസ്റ്റിസൈഡ് എന്നിവയെ ട്രെന്റ് ഏറ്റെടുത്തത്. വെസ്റ്റിസൈഡിനെ ലാഭകരമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2003ൽ ടൈറ്റാൻ, വോൾട്ടാസ് കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം നിയമിതനായി.