31 Oct 2023 5:14 AM GMT
Summary
- കലാദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റിന് കീഴിലുള്ള പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്
- 26 കിലോമീറ്റര്‍ റോഡ് പദ്ധതിക്ക് 1,132 കോടി രൂപ ചെലവ്
- മിസോറാമിലെ ദേശീയപാതകളുടെ നീളം 1,478 കിലോമീറ്ററായി വര്‍ധിച്ചു
തെക്കന്‍ മിസോറാമിലെ ലോങ്ട്ലായ് ജില്ലയെ മ്യാന്‍മറിലെ സിത്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള കലാദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റിന് (കെഎംടിടിപി) കീഴിലുള്ള ക്രോസ് ബോര്‍ഡര്‍ റോഡ് നവംബറോടെ പൂര്‍ത്തിയാകും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മിസോറാമിലെ മമിത് ജില്ലയിലെ ദാമ്പ അസംബ്ലി മണ്ഡലത്തിലെ വെസ്റ്റ് ഫൈലേംഗില്‍ നടന്ന റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 26 കിലോമീറ്റര്‍ റോഡ് പദ്ധതിക്ക് 1,132 കോടി രൂപയാണ് ചെലവ്.
കലാദാന്‍ പദ്ധതിക്ക് കീഴിലുള്ള റോഡ് നവംബറോടെ പൂര്‍ത്തിയാകുമെന്നും മ്യാന്‍മറിലെ സിത്‌വെ തുറമുഖത്തെ ബന്ധിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ സര്‍വതോന്മുഖമായ വികസനം കൊണ്ടുവരാന്‍ അടിസ്ഥാന സൗകര്യങ്ങളും ആശയവിനിമയവും വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണെങ്കില്‍, വ്യവസായത്തിലും കൃഷിയിലും നമുക്ക് നിക്ഷേപം ലഭിക്കും. അതിലൂടെ നമുക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതുവഴി ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയും, ഇതാണ് വികസനത്തിന് പിന്നിലെ അടിസ്ഥാന തത്വം,' അദ്ദേഹം പറഞ്ഞു.
നവംബര്‍ 7 ന് നടക്കുന്ന മിസോറം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയെ അഭിസംബോധന ചെയ്ത് ഗഡ്കരി പറഞ്ഞു, 20,000 കോടി രൂപയുടെ റോഡ് പദ്ധതി, ഇത് നാഗാലാന്‍ഡുമായും വടക്കുകിഴക്കന്‍ മേഖലയിലെ മണിപ്പൂരുമായും മ്യാന്‍മര്‍ അന്താരാഷ്ട്ര അതിര്‍ത്തിയുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്.
2014ല്‍ റോഡ് ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മിസോറാമിലെ ദേശീയ പാതകളുടെ നീളം 986 കിലോമീറ്ററായിരുന്നെങ്കില്‍ 2023ല്‍ അത് 1,478 കിലോമീറ്ററായി വര്‍ധിച്ചതായി മന്ത്രി പറഞ്ഞു.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷം മിസോറാമില്‍ 8,000 കോടി രൂപ ചെലവില്‍ 355 കിലോമീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ഐസ്വാളിനും തുയ്പാങ്ങിനുമിടയില്‍ 373 കിലോമീറ്റര്‍ റോഡ് പദ്ധതി അടുത്ത വര്‍ഷം ജൂണോടെ പൂര്‍ത്തിയാകുമെന്നും ഗഡ്കരി പറഞ്ഞു.
ഐസ്വാളും സെര്‍ച്ചിപ്പും ഉള്‍പ്പെടെ മിസോറാമിലെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്ന 7,361 കോടി രൂപയുടെ പദ്ധതി മ്യാന്‍മറിനെ ബന്ധിപ്പിക്കുകയും സമ്പദ്വ്യവസ്ഥയും വ്യാപാരവും തൊഴിലവസരങ്ങളും വികസിപ്പിക്കുകയും ചെയ്യും. സംസ്ഥാന തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കേന്ദ്രം 2500 കോടി രൂപ ചെലവില്‍ ഐസ്വാള്‍ ബൈപാസ് റോഡ് നിര്‍മ്മിക്കുമെന്നും 35 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ തുരങ്കവും ഉള്‍ക്കൊള്ളുന്ന പദ്ധതി അടുത്തവര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാക്കും.
റവന്യൂ-വനം വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സില്‍ചാര്‍ മുതല്‍ വൈരെംഗ്‌തെ-സൈരാംഗ് റോഡിന്റെ (എന്‍എച്ച് -306) നാലുവരിപ്പാതയുടെ നിര്‍മ്മാണം വൈകിയിട്ടുണ്ട്.