19 March 2024 6:58 AM GMT
Summary
- ടാറ്റയുടെ പ്ലാന്റില്‍ നിന്നുള്ള ചിപ്പ് 2026-ല്‍ പുറത്തിറങ്ങും
- ഈ വര്‍ഷം വിപണിയിലെത്തുക മൈക്രോണിന്റെ ചിപ്പുകള്‍
- ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ കയറ്റുമതി ഒരു ബില്യണ്‍ ഡോളറിന്റേത്
ഈവര്‍ഷം ഡിസംബറോടെ ആദ്യത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ' ചിപ്പ് വിപണിയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാര്‍ച്ച് 19 ന് പറഞ്ഞു. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് ഒരു ഇലക്ട്രോണിക്‌സ് ഹബ്ബായി മാറി. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ധോലേരയിലുള്ള ടാറ്റ ഇലക്ട്രോണിക്സിന്റെയും സിജി പവറിന്റെയും ചിപ്പ് നിര്‍മ്മാണ പ്ലാന്റില്‍ നിന്നുള്ള ആദ്യത്തെ നിര്‍മ്മിത ഇന്ത്യ ചിപ്പുകള്‍ 2026 അവസാനത്തോടെ വിപണിയിലെത്തുമെന്ന് മന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
'2026 ഡിസംബറില്‍ ധോലേരയില്‍ നിന്നുള്ള ആദ്യ ചിപ്പ് പുറത്തിറങ്ങും. 2024 ഡിസംബറോടെ മൈക്രോണിന്റെ പ്ലാന്റില്‍ നിന്നുള്ള ചിപ്പ് പുറത്തിറങ്ങും. 2029 ഓടെ ലോകത്തെ മികച്ച അഞ്ച് ചിപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നായി രാജ്യം മാറും,' പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ വൈഷ്ണവ് പറഞ്ഞു.
റെയില്‍വേയില്‍, 2014 ന് മുമ്പ് ഈ മേഖല ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വളര്‍ച്ചയ്ക്ക് അടിത്തറ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി ആസൂത്രണത്തില്‍ റെയില്‍വേ ജീവനക്കാര്‍ വളരെ സന്തുഷ്ടരാണെന്നും മന്ത്രി പറഞ്ഞു.