26 Jun 2023 7:52 AM
MA yousafali
Summary
- 5 വര്‍ഷത്തില്‍ തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപം
- 50,000 പേർക്ക് തൊഴിൽ നൽകാന്‍ ലക്ഷ്യമിടുന്നു
- ഹൈദരാബാദില്‍ ലോജിസ്റ്റിക്സ് ഹബ്ബ് സ്ഥാപിക്കും
ഇന്ത്യയില്‍ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് രാജ്യത്തിനകത്തെ തന്‍റെ നിക്ഷേപ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. നിലവില്‍ 20,000 കോടി രൂപയ്ക്കു മുകളിലുള്ള നിക്ഷേപം ലുലു ഗ്രൂപ്പ് ഇന്ത്യക്കകത്ത് നടത്തിയിട്ടുണ്ട്. തെലങ്കാനയില്‍ ഭക്ഷ്യ സംസ്കരണം, കയറ്റുമതി, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ ലുലു ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.
ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങളിലൂടെ 22,000-ത്തിലധികം തൊഴിലവസരങ്ങൾ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഞങ്ങൾ അഹമ്മദാബാദിൽ ഒരു ഷോപ്പിംഗ് മാളിന്റെ നിർമ്മാണം ആരംഭിച്ചു. കൂടാതെ ചെന്നൈയിൽ മറ്റൊന്ന് വരുന്നു. ഒരു ഭക്ഷ്യ സംസ്കരണ പ്ലാന്റ് നോയിഡയിലും തെലങ്കാനയിലും വരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവയെല്ലാം ചേര്‍ന്ന് 10,000 കോടി രൂപയുടെ നിക്ഷേപമാണ് സൃഷ്ടിക്കുന്നത്," യൂസഫലി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എന്‍ആര്‍ഐ നിക്ഷേപങ്ങളോട് ഉദാര സമീപനം പുലര്‍ത്തുന്നുണ്ടെന്നും എന്‍ആര്‍ഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപങ്ങളായി തന്നെ കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയില്‍ മാത്രം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണം, കയറ്റുമതി, റീട്ടെയില്‍ എന്നീ മേഖലകളില്‍ ബൃഹദ് പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ഡെസ്റ്റിനേഷൻ ഷോപ്പിംഗ് മാളുകൾക്കായി തെലങ്കാനയില്‍ 3,000 കോടി രൂപ നിക്ഷേപിക്കും. ഹൈദരാബാദില്‍ ഒരു വലിയ മാളും നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ മിനി മാളുകളും സ്ഥാപിക്കും. സംസ്ഥാനത്തെ മറ്റ് പ്രമുഖ നഗരങ്ങളിലും മാളുകള്‍ ആരംഭിക്കും. തെലങ്കാനയില്‍ ലുലു ഗ്രൂപ്പ് സ്ഥാപിക്കുന്ന കയറ്റുമതി ഭക്ഷ്യ സംസ്‍കരണ യൂണിറ്റിന് ഇതിനകം സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങള്‍, പയർവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ പ്രോസസ്സിംഗ് ഇവിടെ നിര്‍വഹിക്കാനാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഉല്‍പ്പന്നങ്ങളുടെ ഗ്രേഡിംഗും പാക്കിംഗും നിര്‍വഹിക്കുന്നതിന് ഹൈദരാബാദ് നഗരത്തില്‍ ഒരു ലോജിസ്റ്റിക്സ് ഹബ്ബ് സ്ഥാപിക്കുമെന്നും യൂസഫലി പ്രഖ്യാപിച്ചു.
നെല്ലുൽപാദനം, മത്സ്യം, പാലുൽപാദനം, മാംസം ഉൽപ്പാദനം എന്നിവയിൽ തെലങ്കാനയുടെ നേട്ടങ്ങളെക്കുറിച്ച് രാമറാവു വിശദീകരിച്ചപ്പോൾ തെലങ്കാനയില്‍ മത്സ്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുമെന്ന് യൂസഫലി അറിയിച്ചു. തെലങ്കാനയിൽ നിന്ന് അരി സംഭരിക്കുമെന്നും സംസ്ഥാനത്ത് മാംസം സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 200 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന മാംസ സംസ്കരണ യൂണിറ്റിന്‍റെ പ്രവര്‍ത്തനം ഒന്നര വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്നതിനാണ് പദ്ധതിയിടുന്നത്. പ്രതിദിനം 60 ടണ്ണിന്‍റെ സംസ്കരണ ശേഷിയായിരിക്കും ഇവിടെ ഉണ്ടായിരിക്കുക.
കഴിഞ്ഞ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ തെലങ്കാന സർക്കാരുമായി ലുലു ഗ്രൂപ്പ് ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ലുലു ഗ്രൂപ്പ് തെലങ്കാന സർക്കാരിന് വാഗ്‍ദാനം ചെയ്ത 500 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമായാണ് ഹൈദരാബാദില്‍ മാള്‍ ഏറ്റെടുക്കുന്നത്. നേരത്തെ മഞ്ജീര മാൾ എന്നറിയപ്പെട്ടിരുന്ന 5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാൾ ഏറ്റെടുത്ത് നവീകരിച്ച് ലുലു മാൾ എന്ന് പുനർനാമകരണം ചെയ്യുകയാണ്. ഓഗസ്റ്റ് അവസാന വാരത്തിലോ സെപ്റ്റംബർ ആദ്യ വാരത്തിലോ ഇത് ഉദ്ഘാടനത്തിന് തയാറാകും.