16 Nov 2022 12:19 PM GMT
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 'സ്വന്തം റിസ്‌കില്‍' ബേബി പൗഡര്‍ നിര്‍മിക്കാം, വില്‍ക്കരുത്; കോടതി
MyFin Desk
Summary
മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ബേബി പൗഡര്‍ വില്‍പ്പനയ്ക്കും, വിതരണത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നവംബര്‍ 30 വരെ തുടരുമെന്നും കോടതി വ്യക്തമാക്കി.
മുംബൈ: സ്വന്തം ഉത്തരവാദിത്തത്തില്‍ ബേബി പൗഡര്‍ നിര്‍മാണം നടത്തണമെന്ന് നവജാത ശിശു സംരക്ഷണ ഉത്പന്ന നിര്‍മാതക്കാളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്ക് നിര്‍ദ്ദേശം നല്‍കി ബോംബെ ഹൈക്കോടതി. എന്നാല്‍, മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ബേബി പൗഡര്‍ വില്‍പ്പനയ്ക്കും, വിതരണത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് നവംബര്‍ 30 വരെ തുടരുമെന്നും കോടതി വ്യക്തമാക്കി.
കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയില്‍ ബേബി പൗഡറിന്റെ സാംപിള്‍ പരിശോധിച്ചപ്പോള്‍ പൗഡറില്‍ പിഎച്ച് ലെവല്‍ അനുവദനീയമായ അളവിലും കൂടുതലാണെന്നും, ഇത് നവജാത ശിശുക്കളുടെ ആരോഗ്യത്തിനും ഹാനികരമാണെന്നും കണ്ടെത്തയിരുന്നു. തുടര്‍ന്നാണ്, മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്പനിയുടെ പൗഡര്‍ നിര്‍മാണത്തിനുള്ള ലൈസന്‍സ് റദ്ദാക്കിയത്.
ലൈസന്‍സ് റദ്ദാക്കല്‍, പൗഡര്‍ നിര്‍മാണവും, വിതരണവും അടിയന്തരമായി നിര്‍ത്തലാക്കിയത് എന്നിവ ചോദ്യം ചെയ്ത് കമ്പനി കോടതിയെ സമീപിച്ചിരുന്നു. കൂടാതെ, ഫെബ്രുവരി, മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളില്‍ പല ബാച്ചുകളിലെ പൗഡര്‍ സാംപിളുകള്‍ പൊതു ലബോറട്ടികളില്‍ പരിശോധിക്കുകയും, അവയിലെല്ലാം പിഎച്ച് മൂല്യം കൃത്യമായിരുന്നുവെന്നും കമ്പനി കോടതിയില്‍ വ്യക്തമാക്കി.
ബുധനാഴ്ച്ച ഈ കേസ് പരിഗണിച്ച ജസ്റ്റിസ് എസ് വി ഗംഗപുര്‍വാല, എസ് ജി ഡിഗെ എന്നിവര്‍ മഹാരാഷ്ട്ര എഫിഡിഎയോട് മുംബൈയിലെ മുളുന്ദിലുള്ള ഫാക്ടറിയില്‍ നിന്നും പൗഡറിന്റെ പുതിയ സാംപിള്‍ ശേഖരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
മൂന്നു ദിവസത്തിനുള്ളില്‍ ശേഖരിച്ച് രണ്ട് സര്‍ക്കാര്‍ ലബോറട്ടറികളിലും, ഒരു സ്വകാര്യ ലബോറട്ടറിയിലും നല്‍കണമെന്നും, ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമായിരുന്നു നിര്‍ദ്ദേശം. കമ്പനി 57 വര്‍ഷമായി മുളുന്ദ് ഫാക്ടറിയില്‍ പൗഡര്‍ ഉത്പാദിപ്പിക്കുന്നു. 2020 ജനുവരിയിലാണ് ലൈസന്‍സ് പുതുക്കിയത്. നിരോധനം വന്നതോടെ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ വിപണി മൂല്യത്തില്‍ ദിവസം 2.5 കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.