image

15 Nov 2024 12:31 PM GMT

India

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കുതിച്ചുയരുന്നു

MyFin Desk

Indias Trade Deficit with China Widens
X

ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കുതിച്ചുയരുന്നു

Summary

  • ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ 13% ഉയര്‍ച്ച
  • ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 57.83 ബില്യണ്‍ ഡോളറായി
  • കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ചൈനയോടുള്ള ഇന്ത്യയുടെ ആശ്രിതത്വം വര്‍ധിക്കുകയാണ്


നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങളില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മിയില്‍ 13% ഉയര്‍ച്ച. ചൈനയെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാനും അലൃവിടെനിന്നുള്ള ചില ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായിരുന്നിട്ടും ഇറക്കുമതി ഉയര്‍ന്നു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ചൈനയുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ 51.12 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 57.83 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

ഒക്ടോബറില്‍ വ്യാപാരക്കമ്മി 8.46 ബില്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 8.27 ബില്യണ്‍ ഡോളറായിരുന്നു. ഒരു രാജ്യത്തിന്റെ ഇറക്കുമതി അതിന്റെ കയറ്റുമതിയെ കവിയുമ്പോഴാണ് ഒരു വ്യാപാര കമ്മി സംഭവിക്കുന്നത്.

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സ് ചൈനയായിരുന്നു, തൊട്ടുപിന്നാലെ റഷ്യയും യു.എ.ഇയും.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി റഷ്യയേക്കാള്‍ ഇരട്ടിയായിരുന്നു. ഈ കാലയളവില്‍ യുഎഇയില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ 2.5 മടങ്ങ് കൂടുതലുമാണ്.

2024 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍, ചൈനയില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി 65.90 ബില്യണ്‍ ഡോളറായിരുന്നു, ഒരു വര്‍ഷം മുമ്പ് 60.01 ബില്യണ്‍ ഡോളറായിരുന്നു. ചൈനയിലേക്കുള്ള കയറ്റുമതി മുന്‍വര്‍ഷത്തെ 8.89 ബില്യണ്‍ ഡോളറില്‍ നിന്ന് 8.06 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു.

ഒക്ടോബറില്‍, ചൈനയില്‍ നിന്നുള്ള ഇറക്കുമതി 9.61 ബില്യണ്‍ ഡോളറായിരുന്നു. ഇത് ഒരു വര്‍ഷം മുമ്പ് 9.54 ബില്യണ്‍ ഡോളറായിരുന്നു.

ഇന്ത്യയുടെ വ്യാവസായിക ഇറക്കുമതിയില്‍ ചൈനയുടെ പങ്ക് 15 വര്‍ഷത്തിനിടെ 21% ല്‍ നിന്ന് 30% ആയി ഉയര്‍ന്നു. ഇലക്ട്രോണിക്‌സ്, ടെലികോം, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ബെയ്ജിംഗ് ആധിപത്യം പുലര്‍ത്തുന്നു.

ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ക്ക് കീഴില്‍ ഇലക്ട്രോണിക്‌സ്, ടെലികോം, ഇവികള്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയുടെ ഉല്‍പ്പാദനം ഇന്ത്യ വര്‍ധിപ്പിക്കുന്നതിനാല്‍ ഈ ആശ്രയം കൂടുതല്‍ ശക്തമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

ഇന്ത്യയുടെ സോളാര്‍ ഉപകരണ ഇറക്കുമതിയുടെ 62 ശതമാനവും ചൈനയില്‍നിന്നാണ്. വിയറ്റ്‌നാം പോലുള്ള മറ്റ് വിതരണക്കാരും സോളാര്‍ സെല്‍ ഉല്‍പാദനത്തിനായി ചൈനീസ് പോളിസിലിക്കണിനെ ആശ്രയിക്കുന്നുവെന്ന് മുന്‍ വ്യാപാര സേവന ഉദ്യോഗസ്ഥനും സാമ്പത്തിക തിങ്ക് ടാങ്ക് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആര്‍ഐ) സ്ഥാപകനുമായ അജയ് ശ്രീവാസ്തവ പറഞ്ഞു.

ട്രാന്‍സ്‌ഫോര്‍മര്‍ വൈന്‍ഡിംഗുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ലിഥിയം അയണ്‍ സെല്ലുകളും കോള്‍ഡ് റോള്‍ഡ് ഗ്രെയ്ന്‍ ഓറിയന്റഡ് അല്ലെങ്കില്‍ സിആര്‍ജിഒ സ്റ്റീലും ഉള്‍പ്പെടെയുള്ളവക്കായി രാജ്യം ചൈനീസ് ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

'ചൈനയുമായുള്ള ഇന്ത്യയുടെ വാര്‍ഷിക വ്യാപാര കമ്മി, ഇതിനകം 80 ബില്യണ്‍ ഡോളറായി, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ അമിത ആശ്രയം താങ്ങാനാകാത്തതാണ്. ഈ വര്‍ധിച്ചുവരുന്ന അപകടസാധ്യത ലഘൂകരിക്കുന്നതിന്, ഇന്ത്യ ഗവേഷണ-വികസനത്തിലും ആഴത്തിലുള്ള ഉല്‍പ്പാദനത്തിലും നിക്ഷേപങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അത് സ്വയം ആശ്രയിക്കുന്ന വ്യവസായത്തെ വളര്‍ത്തിയെടുക്കണം,' ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.