image

10 Jan 2025 3:21 AM GMT

India

ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടിയിലെത്തും

MyFin Desk

organic product exports to reach rs 20,000 crore
X

Summary

  • പ്രതീക്ഷിക്കുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വളര്‍ച്ച
  • നിലവില്‍ രാജ്യത്തിന്റെ കയറ്റുമതി 5,000-6,000 കോടി രൂപയാണ്
  • ആഗോളതലത്തില്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ജൈവ ഉല്‍പ്പന്നങ്ങള്‍ ഇന്ന് ആവശ്യമുണ്ട്


രാജ്യത്തെ ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വര്‍ധിച്ച് 20,000 കോടി രൂപയിലെത്തുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ജൈവ ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡങ്ങളില്‍ കൂടുതല്‍ വ്യക്തതയും ആഗോള നിലവാരവുമായി യോജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ (എന്‍പിഒപി) എട്ടാം പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

'നിലവില്‍, നമ്മുടെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 5,000-6,000 കോടി രൂപയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, 20,000 കോടി രൂപയുടെ കയറ്റുമതി നമുക്ക് വേഗത്തില്‍ നേടാനാകും,' ഗോയല്‍ പറഞ്ഞു.

ഈ ഉല്‍പ്പന്നങ്ങളുടെ ആഗോള ആവശ്യം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. വരും വര്‍ഷങ്ങളില്‍ ഇത് 10 ലക്ഷം കോടി രൂപയായി വളരുമെന്നന്നാണ് പ്രതീക്ഷ. ഇന്ത്യ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു അതുല്യമായ അവസരമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ജൈവകൃഷി നടത്തുന്ന ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഇന്ത്യയിലുണ്ട്. മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമായ പരിഹാരങ്ങള്‍ കണ്ടെത്താനും അദ്ദേഹം സ്റ്റാര്‍ട്ടപ്പുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് അഞ്ച് പോര്‍ട്ടലുകളും മന്ത്രി ഉദ്ഘാടനം ചെയ്തു.

ഇതില്‍ എന്‍പിഒപി എന്ന പോര്‍ട്ടല്‍ 2001 മെയ് മാസത്തില്‍ ആരംഭിച്ചതുമുതല്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്‍പിഒപിയുടെ എട്ടാം പതിപ്പിന്റെ പ്രധാന സവിശേഷതകളില്‍ കര്‍ഷക-സൗഹൃദ നിയന്ത്രണങ്ങള്‍, കാര്യക്ഷമമായ സര്‍ട്ടിഫിക്കേഷന്‍, മെച്ചപ്പെടുത്തിയ സുതാര്യത, നവീകരിച്ച ട്രേസബിലിറ്റി സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

2030-ഓടെ ജൈവ ഭക്ഷ്യ കയറ്റുമതിയില്‍ 2 ബില്യണ്‍ യുഎസ് ഡോളറിലെത്തുകയെന്ന ലക്ഷ്യത്തോടെ, ഇന്ത്യയുടെ ജൈവ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്തുകയാണ് ഏറ്റവും പുതിയ പതിപ്പ് ലക്ഷ്യമിടുന്നത്.

ദേശീയ അന്തര്‍ദേശീയ വിപണികളില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതില്‍ എന്‍പിഒപി നിര്‍ണായക പങ്ക് വഹിക്കുന്നു. 'ഓര്‍ഗാനിക്' എന്ന് ലേബല്‍ ചെയ്തിരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു, അതുവഴി ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സഹകരണ സഹമന്ത്രിമാരായ കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മുരളീധര്‍ മോഹല്‍, വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ, സഹകരണ സെക്രട്ടറി ആശിഷ് കുമാര്‍ ഭൂട്ടാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.