image

19 Aug 2024 7:24 AM GMT

India

റഷ്യയില്‍ അവസരങ്ങള്‍ തേടി ഇന്ത്യയുടെ തുകല്‍ വ്യവസായം

MyFin Desk

india to increase leather exports to russia
X

Summary

  • നിലവില്‍ ഇന്ത്യ 80 മില്യണ്‍ ഡോളര്‍ വരെ തുകല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു
  • എന്നാല്‍ റഷ്യയില്‍ വലിയ അവസരങ്ങള്‍ ഉള്ളതിനാല്‍ ഇത് കുറവാണെന്ന് വിലയിരുത്തല്‍
  • നിക്ഷേപം , തുകല്‍ വ്യവസായത്തിലെ സാങ്കേതിക സഹകരണം, ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവ ഇന്ത്യ ലക്ഷ്യമിടുന്നു


നിക്ഷേപങ്ങള്‍ തേടുന്നതിനും വളരുന്ന കയറ്റുമതി അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി തുകല്‍ മേഖലയിലെ എക്‌സിക്യൂട്ടീവുകളുടെ ഒരു പ്രതിനിധി സംഘം ഈ മാസം റഷ്യ സന്ദര്‍ശിക്കും. ഓഗസ്റ്റ് 26 മുതലാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനം.

നിലവില്‍ ഇന്ത്യ 60 മില്യണ്‍ ഡോളര്‍ മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെ തുകല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും എന്നാല്‍ റഷ്യയില്‍ വലിയ അവസരങ്ങള്‍ ഉള്ളതിനാല്‍ ഇത് കുറവാണെന്നും കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്സ്പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ സെല്‍വം പറഞ്ഞു.

മോസ്‌കോയില്‍ നടക്കുന്ന യൂറോ ഷൂസ് പ്രീമിയര്‍ കളക്ഷന്‍ എന്ന അന്താരാഷ്ട്ര മേളയിലും പങ്കെടുക്കും. നിക്ഷേപം ആകര്‍ഷിക്കുക, തുകല്‍ വ്യവസായത്തിലെ സാങ്കേതിക സഹകരണം, ഉല്‍പ്പന്ന നിര്‍മ്മാണം എന്നിവ ലക്ഷ്യമിട്ടാണ് പ്രതിനിധി സംഘത്തെ അയക്കുന്നതെന്ന് സെല്‍വം പറഞ്ഞു.

തുകല്‍ വസ്ത്രങ്ങള്‍, ചരക്കുകള്‍, പാദരക്ഷകള്‍ തുടങ്ങിയ മേഖലകളില്‍ വലിയ കയറ്റുമതി സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം റഷ്യയില്‍ പേയ്മെന്റ് പ്രശ്നങ്ങളുണ്ടെങ്കിലും, രൂപയില്‍ ഇടപാട് നടത്തുന്ന കയറ്റുമതിക്കാര്‍ക്ക് സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ കഴിയും.

ഇന്ത്യയുടെ തുകല്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ കയറ്റുമതി 2022-23ല്‍ 44.84 മില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 62.48 മില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കയറ്റുമതി 14.21 മില്യണ്‍ ഡോളറായി കുറഞ്ഞു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 16.34 മില്യണ്‍ ഡോളറായിരുന്നു.

ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി മോസ്‌കോയുടെ പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിനെക്കുറിച്ചും താരിഫ് ഇതര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചും ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്യുന്നുണ്ട്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.

നിലവില്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 67 ബില്യണ്‍ യുഎസ് ഡോളറാണ്. 2023-24 ല്‍ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4.3 ബില്യണ്‍ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 61.4 ബില്യണ്‍ ഡോളറായിരുന്നു, ഇത് ക്രൂഡ് ഓയില്‍ വഴിയാണ്. വ്യാപാരക്കമ്മി 57.1 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതിയില്‍ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിഹിതം 88 ശതമാനമാണ്.