21 March 2024 11:37 AM GMT
Summary
- വികസിത സമ്പദ് വ്യവസ്ഥകള്‍ പലതും കൊവിഡിന് ശേഷം ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്ന് പോയത്.
- ദുര്‍ബല ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ധന നയം
- റഷ്യ-ഉക്രെന്‍ യുദ്ധവും പണപ്പെരുപ്പത്തിന് കാരണമായി
കൊവിഡിന് ശേഷം ഇന്ത്യ നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ രാജ്യത്തെ പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സഹായിച്ചതായി റിസര്‍വ്വ് ബാങ്ക ഓഫ് ഇന്ത്യ (ആര്‍ബിഐ). പല വികസിത സമ്പദ് വ്യവസ്ഥകളും ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഇക്കാലയളവില്‍ കടന്നുപോയത്. ആര്‍ബിഐയുടെ സാമ്പത്തിക വിദഗ്ധരായ നിശാന്ത് സിംഗും ബിനോദ് ഭോയിയുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
തിരഞ്ഞെടുത്ത വികസിത സമ്പദ് വ്യവസ്ഥകളിലും വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളിലും വലിയ തോതിലുള്ള നയതീരുമാനങ്ങള്‍ നടപ്പിലാക്കിയിരുന്നു.2021 ലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ പണപ്പെരുപ്പം ഉയരാന്‍ തുടങ്ങി. കൂടാതെ റഷ്യ- ഉക്രെന്‍ യുദ്ധത്തെ തുടര്‍ന്ന് 2022 ല്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പൊതുവായ ആഗോള ആഘാതങ്ങള്‍ ഉണ്ടായിരുന്നിട്ടും പല സമ്പദ് വ്യവസ്ഥകളിലും പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. കാര്യമായ വ്യത്യാസങ്ങളും പ്രകടമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സാമ്പത്തിക, പണ നയങ്ങളുടെ മികച്ച സംയോജിത രൂപം അവതരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനത്തിന് തുല്യമായ സമഗ്രമായ പാക്കേജ് ആഘാതം കുറക്കുന്നതിനായി പ്രഖ്യാപിച്ചിരുന്നു. സാമൂഹിക-ആരോഗ്യ സംരക്ഷണം കേന്ദ്രീകരിച്ച് ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ധനനയ നടപടികള്‍ നടപ്പിലാക്കിയത്. പിന്നീട് പ്രത്യേക മേഖലകളെ ലക്ഷ്യമിടുന്ന അധിക പൊതു നിക്ഷേപവും പിന്തുണാ സ്‌കീമുകളും ഇതിന് കൂട്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമ്പദ് വ്യവസ്ഥയിലുടനീളം, പണപ്പെരുപ്പത്തിന്റെ വര്‍ദ്ധനവ് 2021-ന്റെ രണ്ടാം പകുതിയില്‍ ആരംഭിച്ച് 2022-ലും തുടര്‍ന്നു. ഇത് സമഗ്ര പണനയം കര്‍ശനമാക്കുന്നതിന് കാരണമായി.