29 Oct 2024 7:36 AM GMT
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. സൈബർ തട്ടിപ്പുകാരുടെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കുടുങ്ങിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇന്ത്യയില്‍ നടന്ന ആകെ സൈബര്‍ തട്ടിപ്പുകളില്‍ ജനങ്ങള്‍ക്ക് നഷ്ടമായത് 1776 കോടി രൂപയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്മര്‍, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 7.4 ലക്ഷം പരാതികളാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ ലഭിച്ചത്. 2023-ല്‍ ആകെ 15.56 ലക്ഷം പരാതികള്‍ ലഭിച്ചപ്പോള്‍ 2022-ലെ പരാതികളുടെ എണ്ണം 9.66 ലക്ഷമായിരുന്നു. അതേസമയം 2021-ലെ പരാതികളുടെ എണ്ണം 4.52 ലക്ഷമായിരുന്നു.
ഡിജിറ്റല്‍ അറസ്റ്റിന് പുറമെ ഓണ്‍ലൈന്‍ ട്രേഡിങ്, ഓണ്‍ലൈന്‍ നിക്ഷേപം, ഡേറ്റിങ് എന്നിങ്ങനെയും തട്ടിപ്പുകള്‍ വ്യാപകമാണ്. 1420.48 കോടി രൂപയാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ നഷ്ടമായത്. ഓണ്‍ലൈന്‍ നിക്ഷേപത്തില്‍ 222.58 കോടി രൂപയും ഡേറ്റിങ് തട്ടിപ്പിലൂടെ 13.23 കോടി രൂപയും നഷ്ടമായാതായി കണക്കുകൾ വ്യക്തമാക്കുന്നു.