image

7 March 2024 11:01 AM GMT

India

വേനലിലെ ചൂടന്‍ മത്സരത്തിന് തയ്യാറെടുത്ത് ഐസ്‌ക്രീം വിപണി

Swarnima Cherth Mangatt

to cool the inside and grow the market, ice creams are the star of summer
X

Summary

  • വിപണിയില്‍ ഐസ്‌ക്രീമിന്റെ പുത്തന്‍ രുചികള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നു
  • പാലിന്റെ വിലയില്‍ വര്‍ധനയില്ലാത്തതിനാല്‍ ഐസ്‌ക്രീം വിലകളില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രതീക്ഷ
  • ഇന്‍ഡിപെന്‍ഡന്‍സ് എന്ന പേരില്‍ റിലയന്‍സ് ഐസ്‌ക്രീമുകളും വിപണിയിലുണ്ട്.


കേരളത്തില്‍ വേനല്‍ പിടി മുറുക്കി കഴിഞ്ഞു. ഇനിയിപ്പോള്‍ ഐസ്‌ക്രീം വിപണിക്ക് കോളാണ്. ടിവി തുറന്നാല്‍ പ്രിയ്യപ്പെട്ട താരങ്ങളെല്ലാം ഐസ്‌ക്രീമുമായി പ്രലോഭിപ്പിക്കാന്‍ തുടങ്ങും. എന്നാല്‍ ഐസ്‌ക്രീമിനെ പോലെ തണുപ്പനല്ല ഐസ്‌ക്രീം വിപണിയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വദേശിയും വിദേശിയുമായി നിരവധി ബ്രാന്‍ഡുകള്‍ കേരളത്തിന്റെ ഐസ്‌ക്രീം വിപണികീഴടക്കി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഡാറ്റയനുസരിച്ച് 800 കോടി രൂപയുടേതാണ് കേരളത്തിന്റെ ഐസ്‌ക്രീം വിപണി. അതിനിയും ഉയരുമെന്നതില്‍ ഒരു സംശയവുമില്ല. മാര്‍ച്ച് അവസാനം മുതല്‍ മേയ് വരെയാണ് ഐസ്‌ക്രീമിന്റെ ഏറ്റവും മികച്ച വില്‍പ്പന നടക്കുന്നത്.

30 രൂപ മുതല്‍ 60 രൂപ വരെയുള്ള ഐസ്‌ക്രീമുകള്‍ക്കാണ് സംസ്ഥാനത്ത് 'നല്ല ചൂടന്‍' പ്രതികരണം കിട്ടുന്നത്. ഫാമിലി പാക്കുകള്‍ക്കും ആവശ്യക്കാരുടെ എണ്ണത്തില്‍ കാര്യമായ മുന്നേറ്റമുണ്ട്. കേരളത്തില്‍ ഇപ്പോഴും കനത്ത ഡിമാന്റ് കാഴച്ച വക്കുന്നത് വാനില ഐസ്‌ക്രീം തന്നെയാണ്. എന്നാല്‍ പണ്ട് കടിച്ച് വലിച്ച് നടന്ന നൊസ്റ്റാള്‍ജിക് താരമായ സിപ്പ് അപ്പിന് ഇപ്പോഴും കടുത്ത ഫാന്‍സുണ്ട്. പഴയ വിലയില്‍ ലഭ്യമല്ലെന്നു മാത്രം. അഞ്ചു രൂപ മുതല്‍ സിപ്പപ്പുകള്‍ ലഭ്യമാണ്.

മലയാളിക്കൊപ്പം മില്‍മ

കേരളത്തിന്റെ സ്വന്തം മില്‍മ ഇതിനോടകം ശക്തമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ മില്‍യുടെ മൊത്തം വിറ്റുവരവില്‍ നാല് ശതമാനം മാത്രമാണ് ഐസ്‌ക്രീമില്‍ നിന്നുള്ളത്. ഇതിലൂടെ മില്‍മക്കുള്ള വരുമാനം ഏതാണ്ട് 170 കോടി രൂപ വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 ശതമാനമാക്കാനുള്ള പദ്ധതി മില്‍മ നടത്തിയിരുന്നു. ഗുണനിലവാരം,ഐസ്‌ക്രീമുകളുടെ പാക്കറ്റിംഗ്, ഡിസൈന്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മില്‍മ പദ്ധതിയിടുന്നുണ്ട്. കൂടാതെ, എല്ലാ ഡെയറികളിലും ഓട്ടോമാറ്റിക് ഐസ്‌ക്രീം ഉത്പാദന മെഷീനുകള്‍ കൊണ്ടുവരുമെന്നും മില്‍മ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മില്‍മക്ക് അഞ്ച് ഡെയറികളില്‍ മാത്രമാണ് ഇത്തരം മെഷീനുകളുള്ളത്. എട്ട് രൂപ മുതല്‍ തുടങ്ങുന്ന മില്‍മയുടെ ഐസ്‌ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. സ്വന്തമായി പാല്‍ സംഭരിക്കുന്നതിനാല്‍ മറ്റ് ബ്രാന്‍ഡിനെക്കാള്‍ വിലക്കുറവില്‍ ഐസ്‌ക്രീം നല്‍കാന്‍ സാധിക്കുന്നുണ്ടെന്നാണ് മില്‍മ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ഐസ് ക്രീം വിപണി

2023 ല്‍ ഇന്ത്യന്‍ ഐസ്‌ക്രീം വിപണി 228.6 ബില്യണ്‍ രൂപയിലെത്തി. 17.4 ശതമാനം വളര്‍ച്ചാ നിരക്കാണ് 2024-2032 കാലയളവില്‍ പ്രതീക്ഷിക്കുന്നത്. 2032 എത്തുമ്പോള്‍ 1000 ബില്യണ്‍ രൂപയ്ക്കടുത്ത് വിപണി മൂല്യമെത്തുമെന്നാണ് പ്രമുഖ വിപണ വിശകന കമ്പനിയായ ഐഎംഎആര്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ തുടങ്ങിയ ആധുനിക റീട്ടെയില്‍ ഫോര്‍മാറ്റുകളുടെ വളര്‍ച്ചയും വിപണി വളര്‍ച്ചയെ നയിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുത്തന്‍ രൂചികള്‍ തന്നെയാണ് ഇവിടേയും ട്രെന്‍ഡ്. കൂടാതെ പ്രീമിയം വിഭാഗം തിരഞ്ഞെടുക്കുന്ന തരത്തില്‍ ആളുകള്‍ കൂടുതല്‍ ചെലവഴിക്കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഐസ്‌ക്രീം വിപണിക്ക് പിന്നില്‍ തൂണു പോലെ നില്‍ക്കുന്ന മറ്റൊരു ഘടകമുണ്ട്. രാജ്യത്തിന്റെ പാലുല്‍പ്പാദനത്തിലെ വര്‍ധന. ലോകത്തില്‍ പാല്‍ലുപ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് മറ്റ് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും നിര്‍ണ്ണായക പങ്കുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വാനില, ചോക്ലേറ്റ് തുടങ്ങിയ പരമ്പരാഗത ഓപ്ഷനുകള്‍ക്കപ്പുറം പുതിയ രുചികളും സ്വീകരിക്കുന്നു. സാള്‍ട്ടഡ് കാരമല്‍, മാച്ച ഗ്രീന്‍ ടീ, ടിറാമിസു, കുക്കിസ്, പഴങ്ങളുടെ രുചികള്‍ തുടങ്ങിയവ ജനപ്രീതി നേടിയിട്ടുണ്ട്. വരുമാനം കൂടുന്നതിനു ഒപ്പം വിനോദങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കും ചെലവാക്കാന്‍ താല്‍പരരായ യുവതയാണ് ഇപ്പോഴുള്ളത്.



പ്രതീക്ഷയില്‍ കമ്പനികള്‍

ശീതീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടെ ഗ്രാമ പ്രദേശങ്ങളിലും ആവശ്യക്കാര്‍ വര്‍ധിക്കുന്നതായാണ് ഹോക്കോ ഐസ്‌ക്രീം എംഡി അങ്കിത് ചോന അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചോന കുടുംബത്തിന്റെ ഹവ്‌മോര്‍ ഐസ്‌ക്രീം 2017 ല്‍ കൊറിയന്‍ കമ്പനിയായ ലോട്ടെയ്ക്ക് വിറ്റിരുന്നു. ഗുജറാത്തില്‍ പുതിയ ഐസ്‌ക്രീം പ്ലാന്റുമായി നവീകരണത്തിന്റെ പാതയിലാണ് കമ്പനി. അമുല്‍, വാദിലാല്‍, മദര്‍ ഡയറി, ക്രാംബെല്‍, ഹവ്‌മോര്‍, ക്വാളിറ്റി വാള്‍സ് തുടങ്ങിയ ആഭ്യന്തര കമ്പനികളാണ ്ഇന്ത്യന്‍ ഐസ്‌ക്രീം വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇന്ത്യയിലെ ഐസ്‌ക്രീം വിപണിയുടെ 50 ശതമാനത്തിലധികം വിഹിതമുള്ള ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) ജനപ്രിയ പാല്‍ ഉല്‍പന്ന ബ്രാന്‍ഡായ 'അമുല്‍' ഈ വേനല്‍ക്കാലത്തും വില്‍പ്പനയില്‍ അതിവേഗ നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്സിന്റെ റിപ്പോര്‍ട്ടും 2020-2025 കാലയളവില്‍ ഇന്ത്യന്‍ ഐസ്‌ക്രീം വിപണി 17.03 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ല്‍ വിറ്റുവരവ് ഏകദേശം 25,000 കോടി ഡോളറിനടുത്താണ്.

ഇ-കോമേഴ്‌സിന്റെ മുന്നേറ്റം ഐസ്‌ക്രീം വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടുണ്ട്. മുന്‍നിര അന്താരാഷ്ട്ര കമ്പനികളുടെ ഐസ്‌ക്രീം രുചികള്‍ വീട്ടു പിടിക്കിലെത്തിക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ സാധിക്കും. കരുത്തുറ്റ പാക്കിംഗും മികച്ച ലോജിസ്റ്റിക്‌സ് ശൃംഖലയും ഇല്ലെങ്കില്‍ വീട്ടിലെത്തിയുന്ന ഐസ്‌ക്രീം ചിലപ്പോള്‍ വലിച്ച് കുടിക്കേണ്ട അവസ്ഥ വരും. ഐസ്‌ക്രീം അതിന്റെ രൂപത്തില്‍ തന്നെ ഉപഭോക്താക്കളിലേക്കെത്തിക്കലാണ് പ്രധാന വെല്ലുവിളി. പാല്‍ സംഭരണ വിലയിലെ കുറവും ഡെയറികളിലെ മിച്ച സ്റ്റോക്കും കൂടുതല്‍ ഐസ്‌ക്രീം ഉല്‍പ്പാദനത്തിലേക്ക് കമ്പനികളെ നയിക്കുന്നുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന 'അസാധാരണ ചൂട്' എന്ന സന്ദേശം പല ഐസ്‌ക്രീം ബ്രാന്‍ഡുകളുടേയും ഡിമാന്റില്‍ കുതിച്ച് കയറ്റും സൃഷ്ടിച്ചിട്ടുണ്ട്.

ഐസ്‌ക്രീമുകള്‍, തൈര് ശീതളപാനീയങ്ങള്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് ചാകരക്കാലമാണ് വേനല്‍. വരും മാസങ്ങളില്‍ പാലുല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട് മദര്‍ ഡെയറി. കഴിഞ്ഞ 15 ദിവസങ്ങള്‍ കൊണ്ട് കാര്യമായ നേട്ടം കൈവരിക്കാനായതായി മദര്‍ ഡെയറി മാനേജിംഗ് ഡയറക്ടര്‍ മനീഷ് ബന്ദ്‌ലീഷ് പറയുന്നു. ഈ വര്‍ഷം പാലിന്റെ വില വര്‍ധിപ്പിക്കാത്തതിനാല്‍ പാലുല്‍പ്പന്നങ്ങളുടെ വില വലിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ എസ് സോധി പറയുന്നത്.

കാലം പുറകോട്ട്

ചൂടില്‍ നിന്നും ആശ്വാസത്തിന് ഐസ്‌ക്രീം കഴിക്കാമെന്ന ആശയം അങ്ങ് പുരാതന കാലം മുതല്‍ക്കേ ഉണ്ടെന്നാണ് വെയ്പ്പ്. കൃത്യമായി പറയാനാകില്ലെങ്കിലും 2,000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഐസ്‌ക്രീമിന്റെ ഉത്ഭവം. മഹാനായ അലക്‌സാണ്ടര്‍ (ബിസിഇ നാലാം നൂറ്റാണ്ട്), റോമന്‍ ചക്രവര്‍ത്തി നീറോ ക്ലോഡിയസ് സീസര്‍ (സിഇ ഒന്നാം നൂറ്റാണ്ട്) എന്നിവരെപ്പോലുള്ളവര്‍ ഐസ്‌ക്രീമുകളെന്നു വിളിക്കാവുന്ന ആസ്വദിച്ചിരുന്നതായി കണക്കാക്കുന്നു. ഐസ് ഉപ്പുമായി കലര്‍ത്തുമ്പോള്‍, ചേരുവകളുടെ മിശ്രിതത്തിന്റെ താപനില കുറയ്ക്കാനും നിയന്ത്രിക്കാനും സാധിച്ചു. ഇന്ന് നമ്മള്‍ കഴിക്കുന്ന ഐസ്‌ക്രീം സൃഷ്ടിക്കുന്നതില്‍ ഇത് ഒരു പ്രധാന വഴിത്തിരിവായി തെളിഞ്ഞത് ഈ കണ്ടുപിടിത്തമാണ്.

പണ്ട് പേര്‍ഷ്യന്‍ സാമ്രരാജ്യത്തിലെ ആളുകള്‍ പാത്രങ്ങളില്‍ മഞ്ഞ് ശേഖരിക്കാറുണ്ടായിരുന്നെന്നും രുചി കൂട്ടാനായി അവയില്‍ മുന്തിരി ചാറുകള്‍ ഒഴിക്കുമായിരുന്നുമെന്നുമാണ് പറയപ്പെടുന്നത്. ഇവര്‍ മഞ്ഞുകൊണ്ടുള്ള ഭൂഗര്‍ഭ അറകളുണ്ടാക്കി ഇവ സൂക്ഷിക്കാറുമുണ്ടായിരുന്നേ്രത! കാലമെത്ര കഴിഞ്ഞാലും രൂചികളില്‍ പരീക്ഷണങ്ങളുമായി ഐസ്‌ക്രീം ഭൂമിയില്‍ തന്നെ കാണുമെന്ന് സാരം.