23 March 2024 9:43 AM GMT
Summary
- ഒന്‍പത് ഗ്രാന്റുകള്‍ക്ക് പുറമെയാണിത്.
- നിലവില്‍ വീട് വയ്ക്കാന്‍ 450 ദശലക്ഷം ശ്രീലങ്കന്‍ രൂപ ഗ്രാന്റായി നല്‍കിയിട്ടുണ്ട്.
- ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസ്സ് ടൂറിസമാണ്.
ബുദ്ധമത വിശ്വാസികളുടെ പുണ്യനഗരമായി കണക്കാക്കുന്ന ശ്രീലങ്കയിലെ അനുരാധപുരിയില്‍ വീട് നിര്‍മ്മാണത്തിന് ഗ്രാന്റ് നല്‍കി ഇന്ത്യ. വീടുകളും അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കുന്നതിന് 150 ദശലക്ഷം രൂപയുടെ അധിക ഗ്രാന്റ് നല്‍കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ഝായും ബന്ധപ്പെട്ട ശ്രീലങ്കന്‍ ഉദ്യോഗസ്ഥരും ഈ മാസം 21 നാണ് കരാറില്‍ ഒപ്പിട്ടത്.
ഇതോടെ, അനുരാധപുരയിലെ സോബിത തേരോ ഗ്രാമത്തില്‍ വീടുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി നിലവില്‍ 450 ദശലക്ഷം ശ്രീലങ്കന്‍ രൂപയാണ് ഇന്ത്യ അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള ഒന്‍പത് ഗ്രാന്റുകള്‍ക്ക് പുറമേയാണ് ഈ അധിക നിക്ഷേപം. അന്തരിച്ച ശോഭിത തെരോ ദ്വീപ് രാഷ്ട്രത്തിലെ സദ്ഭരണ പ്രസ്ഥാനത്തിലെ ഒരു പ്രമുഖ ബുദ്ധ സന്യാസിയായിരുന്നു.
ശ്രീലങ്ക ഇതിനോടകം ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഫിന്‍ടെക് കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കും. മാത്രമല്ല ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലാക്കാന്‍ ശ്രീലങ്ക അടുത്തിടെ മുന്നോട്ട് വന്നിരുന്നു. വ്യാപാര സെറ്റില്‍മെന്റിനായി രൂപയുടെ ഉപയോഗം ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സഹായിക്കുന്നു. ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നതിനുള്ള മികച്ച നടപടികളാണിത്.
മാത്രമല്ല ആഭ്യന്തര കലാപങ്ങള്‍ കെട്ടടങ്ങിയ ശ്രീലങ്കയിലേക്ക് സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് രാജ്യത്തേക്കെത്തുന്നത്. ടൂറിസമാണ് ശ്രീലങ്കയുടെ പ്രധാന വരുമാന സ്രോതസ്സ്.