image

23 March 2025 4:36 PM IST

India

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ആന്റി ഡംപിംഗ് തീരുവ ചുമത്തി

MyFin Desk

india imposes anti-dumping duties on four chinese products
X

Summary

  • ആഭ്യന്തര കമ്പനികളെ സംരക്ഷിക്കുന്നതിനായാണ് നാല് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയത്
  • അലുമിനിയം ഫോയിലിന് ആറ് മാസത്തേക്ക് താല്‍ക്കാലികമായി ടണ്ണിന് 873 ഡോളര്‍ വരെ തീരുവ ചുമത്തി


നാല് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ആന്റി ഡംപിംഗ് തീരുവ ചുമത്തി. ഇറക്കുമതിയില്‍ നിന്ന് ആഭ്യന്തര കമ്പനികളെ സംരക്ഷിക്കുന്നതിനായി വാക്വം ഫ്‌ലാസ്‌കുകള്‍, അലുമിനിയം ഫോയില്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് അധിക തീരുവ ചുമത്തിയത്.

സോഫ്റ്റ് ഫെറൈറ്റ് കോര്‍, വാക്വം ഇന്‍സുലേറ്റഡ് ഫ്‌ലാസ്‌കിന്റെ ഒരു നിശ്ചിത കനമുള്ളത്, അലുമിനിയം ഫോയില്‍, ട്രൈക്ലോറോ ഐസോസയനൂറിക് ആസിഡ് എന്നിവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് സാധാരണ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്തതിനാലാണ് ഈ തീരുവ ചുമത്തിയത്.

ഇറക്കുമതിക്ക് ചുമത്തിയ തീരുവ അഞ്ച് വര്‍ഷത്തേക്ക് ഈടാക്കുമെന്ന് റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് പ്രത്യേക വിജ്ഞാപനങ്ങളില്‍ അറിയിച്ചു.

അലുമിനിയം ഫോയിലിന് ആറ് മാസത്തേക്ക് താല്‍ക്കാലികമായി ടണ്ണിന് 873 ഡോളര്‍ വരെ ആന്റി-ഡംപിംഗ് തീരുവ ചുമത്തി. ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആസിഡിന് (ജല ശുദ്ധീകരണ രാസവസ്തു) ടണ്ണിന് 276 ഡോളര്‍ മുതല്‍ 986 ഡോളര്‍ വരെ നികുതി ചുമത്തിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍, ചാര്‍ജറുകള്‍, ടെലികോം ഉപകരണങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് ഫെറൈറ്റ് കോറുകളുടെ ഇറക്കുമതിക്ക് മൂല്യത്തില്‍ 35 ശതമാനം വരെ തീരുവ ചുമത്തി. അതുപോലെ വാക്വം ഇന്‍സുലേറ്റഡ് ഫ്‌ലാസ്‌കിന് ടണ്ണിന് 1,732 യുഎസ് ഡോളര്‍ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തി.

വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡിജിടിആര്‍ (ട്രേഡ് റെമഡീസ് ഡയറക്ടറേറ്റ് ജനറല്‍) ഇതിനായി ശുപാര്‍ശകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുവകള്‍ ചുമത്തുന്നത്.

ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഇന്ത്യ ഇതിനകം തന്നെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആന്റി-ഡംപിംഗ് തീരുവ ചുമത്തിയിട്ടുണ്ട്.

അയല്‍ രാജ്യവുമായുള്ള വ്യാപാര കമ്മി വര്‍ധിക്കുന്നതില്‍ രാജ്യം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്, 2023-24 ല്‍ ഇത് 85 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.