image

18 Oct 2023 10:45 AM GMT

India

75,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയിട്ട് ഭക്ഷ്യ സംസ്‌കരണ മേഖല

MyFin Desk

Food processing sector plans to attract investment of Rs 75,000 crore
X

Summary

  • ചൈനക്ക് ക്ഷണമില്ല


രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ ഡെല്‍ഹിയില്‍ നടക്കുന്ന ലോക ഭക്ഷ്യ ഇന്ത്യ (വേള്‍ഡ് ഫുഡ് ഇന്ത്യ) സംഗമത്തെ ആസ്പദമാക്കിയാണ് ഈ വിലയിരുത്തല്‍.

രണ്ടാം പതിപ്പാണ് നടക്കാനിരിക്കുന്നത്. വേള്‍ഡ് ഫുഡ് ഇന്ത്യയുടെ ആദ്യ പതിപ്പ് 2017 ലാണ് നടന്നത്. കൊവിഡ് മൂലമാണ് തുടര്‍ച്ചയായി ഇവെന്റ് സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത്. ഡെല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2023 പ്രധാനമന്ത്രിയായിരിക്കും ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ രാഷ്ട്രപതിയും പങ്കെടുക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പറഞ്ഞു.

രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നിരവധി നിക്ഷേപ അവസരങ്ങളുണ്ട്. പല കമ്പനികളും ഇതിനോടകം മുന്നോട്ട് വന്നുകഴിഞ്ഞതായി കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം തന്ത്രപ്രധാന കാരണങ്ങളാല്‍ ചൈനയിലെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

16 രാജ്യങ്ങളും 23 സംസ്ഥാന സര്‍ക്കാരുകളും 11 കേന്ദ്ര മന്ത്രാലയങ്ങളും കേന്ദ്ര സ്ഥാപനങ്ങളും പങ്കെടുക്കുന്ന പരിപാടിയില്‍ 950 പ്രദര്‍ശകരും 75,000 സന്ദര്‍ശകരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടാനിയ, ഗ്രീന്‍ ഗ്രാഹി, ഫുഡ്സ് ആന്‍ഡ് ഇന്‍സ് ലിമിറ്റഡ്, സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ സീ ഫുഡ് എക്സ്പോര്‍ട്ട്സ്, യുഎസ് ആസ്ഥാനമായുള്ള ജനറല്‍ മില്‍സ് എന്നിവയില്‍ നിന്ന് 642 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ഭക്ഷ്യ സംസ്‌കരണ വ്യവസായ അഡീഷണല്‍ സെക്രട്ടറി മിന്‍ഹാജ് ആലം പറഞ്ഞു. സ്വിസ് ആസ്ഥാനമായുള്ള ബുഹ്ലര്‍ ഗ്രൂപ്പ്, യുഎസ് ആസ്ഥാനമായുള്ള മൊണ്ടെലെസ്, കൊക്ക കോള, ലുലു ഗ്രൂപ്പ് എന്നിവ നിക്ഷേപ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.