1 July 2024 3:02 AM GMT
Summary
- പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഒരു ഭേദഗതി ബില്‍ കൊണ്ടുവന്നേക്കും
- ഇറക്കുമതി ആശ്രിതത്വം കുറയ്ക്കും
രാജ്യത്തിന്റെ കയറ്റുമതിയിലെ വര്‍ധന, കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദനം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മികച്ച വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ സഹായിക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ജെംസ് ആന്‍ഡ് ജ്വല്ലറി വ്യവസായത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ചരക്ക് സേവന കയറ്റുമതി 800 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2023-24ല്‍ ഇത് 778 ബില്യണ്‍ ഡോളറും 2022-23ല്‍ 776 ബില്യണ്‍ ഡോളറുമായിരുന്നു.
വ്യവസായത്തിന്റെയും കയറ്റുമതിക്കാരുടെയും മാനസികാവസ്ഥ അതിശയകരമാണെന്നും ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ ''വളരെ മികച്ച'' ആത്മവിശ്വാസമുണ്ടെന്നും ഗോയല്‍ പറഞ്ഞു.
'ഈ വര്‍ഷം 800 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്താനാകുമെന്ന് ഞാന്‍ കരുതുന്നു. ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതുവഴി ഇറക്കുമതി ആശ്രിതത്വം കുറയുകയും കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ആരോഗ്യകരമായ പുരോഗതി കാണിക്കുകയും ചെയ്യുന്നു.
എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ഉയര്‍ന്ന പലിശനിരക്കും കുറഞ്ഞ സാമ്പത്തിക ഉത്തേജനവും ഡിമാന്‍ഡ് കുറയ്ക്കുമെന്നും അവരുടെ റിപ്പോര്‍ട്ട് പറഞ്ഞു.
മറ്റൊരു റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായി കണക്കാക്കുമ്പോള്‍, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ ജിഡിപി 7 ശതമാനമായി കണക്കാക്കുന്നു.
പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഒരു ഭേദഗതി ബില്‍ കൊണ്ടുവരാന്‍ മന്ത്രാലയം നോക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിരവധി നിര്‍ദ്ദേശങ്ങള്‍ മേശപ്പുറത്തുണ്ടെന്നും പരിഗണനയിലാണെന്നും ഗോയല്‍ പറഞ്ഞു.
മാര്‍ച്ച് പാദത്തില്‍ ഇന്ത്യ കറണ്ട് അക്കൗണ്ട് മിച്ചം 5.7 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 0.6 ശതമാനം രേഖപ്പെടുത്തി. പത്ത് പാദങ്ങളില്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ ബാഹ്യ ശക്തിയുടെ നിര്‍ണായക മെട്രിക് മിച്ച മോഡിലേക്ക് മാറുന്നത്.
കഴിഞ്ഞ വര്‍ഷം, കറണ്ട് അക്കൗണ്ട് കമ്മി 1.3 ബില്യണ്‍ യുഎസ് ഡോളറോ ജിഡിപിയുടെ 0.2 ശതമാനമോ ആയിരുന്നു.
ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വ്യാപാരക്കമ്മി ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 23.78 ബില്യണ്‍ ഡോളറായി വര്‍ധിച്ചപ്പോഴും ഇന്ത്യയുടെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 9.1 ശതമാനം ഉയര്‍ന്ന് 38.13 ബില്യണ്‍ ഡോളറിലെത്തി.