23 Feb 2024 12:04 PM GMT
Summary
- ലക്ഷ്യത്തിലേക്ക് 5000 കിലോമീറ്റര്‍
- അഞ്ച് വര്‍ഷത്തിലൊരിക്കല്‍ റോഡുകളുടെ ബലപ്പെടുത്തല്‍
- 10 മാസം കൊണ്ട് നിര്‍മ്മിച്ചത് 7685 കിലോമീറ്ററോളം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 13000 കിലോമീറ്ററോളം ദേശീയ പാതകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതോടെ രാജ്യത്തെ രാജ്യത്തെ രണ്ടാമത്തെ വലിയ ദേശീയ പാത നിര്‍മാണമായിരിക്കുമിത്.
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിര്‍മ്മാണം 2020-21 സാമ്പത്തിക വര്‍ഷത്തിലെ 13,327 കിലോമീറ്ററായിരുന്നു. രണ്ടാം സ്ഥാനം 2018-19 ല്‍ 10,855 കിലോമീറ്ററായിരുന്നു. 2024 ജനുവരി അവസാനം വരെ മന്ത്രാലയം 7,685 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ സാമ്പത്തിക വര്‍ഷത്തില്‍ 13,814 കിലോമീറ്റര്‍ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസത്തിലധികം അവശേഷിക്കുമ്പോള്‍ 5000 കിലോമീറ്റര്‍ വരെ നിര്‍മ്മാണം നടത്താനാകുമെന്ന വിശ്വാസത്തിനാണ് സര്‍ക്കാരെന്ന് കേന്ദ്ര ഗതാഗതവകുപ്പ് സെക്രട്ടറി അനുരാഗ് ജെയ്ന്‍ പറഞ്ഞു. നാലുവരിപ്പാതകളുടെ നിര്‍മ്മാണം ഏറ്റവുമധികം ഈ സാമ്പത്തിക വര്‍ഷത്തിലായിരിക്കും നിര്‍മിച്ചിരിക്കുകയെന്നും അതിവേഗ പാതകള്‍ 9500 കിലോമീറ്ററോളം നിര്‍മിച്ചുകൊണ്ട് നേട്ടം കൈവരിക്കുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
നാലുവരിപ്പാതകളുടെ നിര്‍മ്മാണ വര്‍ധന 16 ശതമാനമാണ്. 2014 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിന്റെ രണ്ടര ഇരട്ടി വരുമിത്. 2024 വരെ പ്രതിവര്‍ഷം 10 ശമതാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെയുള്ള പത്ത് മാസങ്ങളില്‍ 794 കിലോമീറ്റര്‍ ആറ് അല്ലെങ്കില്‍ എട്ട് വരി ഹൈവേകള്‍ രാജ്യത്ത് നിര്‍മ്മിച്ചു, 2022-23 ല്‍ 753 കിലോമീറ്ററും 2021-22 ല്‍ 715 കിലോമീറ്ററുമായിരുന്നു നിര്‍മ്മിച്ചത്.
അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച പരാതികള്‍ താരതമ്യേന കുറവാണെന്നും, ഹൈവേകളിലെ ബ്ലാക്ക് സ്പോട്ടുകള്‍ ഒഴിവാക്കി റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും, പൊതുവേ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും റോഡുകളുടെ ബലപ്പെടുത്തല്‍ നടത്തുന്നുണ്ടെന്നും ജെയിന്‍ പറഞ്ഞു.