image

2 Jan 2024 1:42 PM GMT

India

തൊഴിലുറപ്പ് വേതനം ഇനി ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ

MyFin Desk

തൊഴിലുറപ്പ് വേതനം ഇനി ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ
X

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതനം ഇനി ആധാര്‍ അധിഷ്ഠിത (എബിപിഎസ് ) സംവിധാനത്തിലൂടെ മാത്രം. അഞ്ചുതവണ ഗ്രാമ വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് തൊഴിലാളി വിരുദ്ധം എന്ന വിമര്‍ശനത്തെത്തുടര്‍ന്ന് നീട്ടി വെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

വേതനവിതരണം ആധാര്‍ അധിഷ്ഠിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്ന അവസാനതീയതി ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു. ഈ തീരുമാനം നിലവില്‍ വന്നതോടെ തൊഴിലാളികളുടെ 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. ഗ്രാമ വികസന മന്ത്രാലയം നല്‍കുന്ന കണക്കനുസരിച്ച് 2023 ഡിസംബര്‍ 27 വരെ തൊഴില്‍ കാര്‍ഡ് ഉള്ള തൊഴിലാളികളില്‍ 34.8 ശതമാനം പേരും എബിപിഎസ് സംവിധാനത്തിന് പുറത്താണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 25.89 കോടി തൊഴിലാളികല്‍ റജിസ്റ്റര്‍ ചെയ്തതിൽ 17.37 കോടി ആളുകള്‍ പുതിയ സംവിദാനത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രസര്‍ക്കാറിന്റെ എബിപിഎസ് സംവിധാനത്തെത്തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിക്കാത്ത കോടിക്കണക്കിന് തൊഴില്‍ കാര്‍ഡുകള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരുകള്‍ റദ്ദാക്കി എന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്. കഴിഞ്ഞ 21 മാസത്തിനുള്ളില്‍ 7.6 കോടി തൊഴിലാളികളെ പദ്ധതിയില്‍ നിന്ന് പുറത്താക്കി എന്നാണ് റിപ്പോട്ടുകള്‍.