11 March 2024 11:49 AM GMT
Summary
- ഭക്ഷ്യ വസ്തുക്കളില്‍ വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തു
- പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വില്‍പ്പന നടത്താം
- തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പഞ്ഞിമിഠായിക്ക് നിരോധനമുണ്ട്.
കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിന്‍-ബി, ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ആരോഗ്യ മന്ത്രാലയം വില്‍പന നിരോധിച്ചത്. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വില്‍പ്പന നടത്താവുന്നതാണെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ഇത് ലംഘിച്ചാല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 ചട്ടം 59 നുസരിച്ച് ഭക്ഷ്യവകുപ്പിന് കേസെടുക്കാം. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൂടാതെ 10 ലക്ഷം രൂപ പിഴയും ലഭിക്കും. റസ്റ്ററൊന്റുകളുടെ ലൈസന്‍സും റദ്ദാക്കപ്പെടും. 171 ഓളം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പലതിലും 107 ഓളം തരത്തിലുള്ള കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ റോഡാമൈന്‍ ബി-ലേസ്ഡ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വില്‍പന, പാക്കിംഗ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടും പുതുച്ചേരിയും ഇതിനോടകം പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിച്ച വരുന്ന രാസവസ്തുക്കളാണ് പഞ്ഞി മിഠായികളില്‍ ഉപയോഗിക്കുന്നതാണ്. ഇത് അര്‍ബദത്തിന് വരെ കാരണമാണ്. സമാനമായി ഗോവയില്‍ ഗോപി മഞ്ചൂരിയനും വിലക്കുണ്ട്.