image

26 Oct 2023 10:23 AM GMT

India

വിനോദ വ്യവസായം; മുതിര്‍ന്ന റോളുകളില്‍ 13ശതമാനം വനിതകള്‍ മാത്രം

MyFin Desk

Women hold only 13% of senior roles in Indian media and entertainment industry: report
X

Summary

  • 2021ലെ കണക്കുകളില്‍നിന്ന് നേരിയ വളര്‍ച്ച
  • വ്യവസായത്തിലെ നിരന്തരമായ ലിംഗ വ്യത്യാസം റിപ്പോര്‍ട്ട് കാണിക്കുന്നു
  • എട്ട് ഭാഷകളിലെ സിനിമകള്‍, പരമ്പരകള്‍ എന്നിവ റിപ്പോര്‍ട്ടിനായി പരിശോധിക്കപ്പെട്ടു


ഇന്ത്യന്‍ മാധ്യമ, വിനോദ വ്യവസായത്തിലെ മുതിര്‍ന്ന റോളുകളില്‍ 13ശതമാനം വനിതകള്‍ മാത്രമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട്. 'ഓ വുമണിയാ!' യുടെ മൂന്നാം പതിപ്പ് അനുസരിച്ച് ഇന്ത്യന്‍ മീഡിയ, എന്റര്‍ടൈന്‍മെന്റ് (എം&ഇ) കമ്പനികളില്‍ മുതിര്‍ന്ന റോളുകളിൽ സ്ത്രീകള്‍ക്കു ഇപ്പോഴും 13% പങ്കാളിത്ത൦ മാത്രമേ ഒള്ളു . ഇത് 2021-ല്‍ റിപ്പോര്‍ട്ട് ചെയ്ത 10% എന്നതിനേക്കാള്‍ അല്‍പ്പം കൂടുതലാണ്. എങ്കിലും കണക്കുകള്‍ ഈ വ്യവസായത്തിൽ നിലനിൽക്കുന്ന ലിംഗ വ്യത്യാസത്തിനു അടിവരയിടുന്നു.

'ഓ വുമണിയാ!' പ്രൈം വീഡിയോയുടെ പിന്തുണയോടെ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ആൻഡ് ഫിലിം കമ്പാനിയൻ നടത്തിയ പഠനമാണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്. ഇന്ത്യയിലെ വിനോദ വ്യവസായത്തിലെ ഉള്ളടക്ക൦, നിര്‍മ്മാണം, വിപണനം, കോര്‍പ്പറേറ്റ് നേതൃത്വം എന്നീ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം പഠനം വിലയിരുത്തി.

റിപ്പോര്‍ട്ട് മൂന്ന് പ്രധാന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: 'ഉള്ളടക്കത്തിലും,'സ്‌ക്രീനിലും, ക്യാമറയ്ക്ക് പിന്നിലും ഉള്ള സ്ത്രീ പ്രാതിനിധ്യം . കൂടാതെ 'കോര്‍പ്പറേറ്റ് മേഖലയിലെ മികച്ച 25 സ്ഥാപനങ്ങളുടെ ബോര്‍ഡ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയാണ് റിപ്പോർട്ട് വിശകലനം ചെയ്യന്നത്.

ഈ 25 മുന്‍നിര മാധ്യമ- വിനോദ വ്യവസായ കമ്പനികളിൽ വിലയിരുത്തിയ ഉയര്‍ന്ന സ്ഥാനങ്ങളില്‍ 13% മാത്രമാണ് സ്ത്രീകളുടെ പങ്കാളിത്തം. കൂടാതെ, ഡയറക്ഷന്‍, ഛായാഗ്രഹണം, എഡിറ്റിംഗ്, റൈറ്റിംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പ്രധാന വകുപ്പുകളിലുടനീളം വിശകലനം ചെയ്ത 780 ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്ഥാനങ്ങളില്‍ 12% മാത്രമാണ് വനിതകള്‍ ഉള്ളത്.

ഇത് 2021-ലെ 10% എന്നതില്‍ നിന്ന് നേരിയ പുരോഗതിയാണ്. സ്ട്രീമിംഗ് ഫിലിമുകളും സീരീസുകളും ആണ് വളര്‍ച്ചയെ പ്രധാനമായും നയിക്കുന്നത്. 2021 മുതലുള്ള വ്യവസായത്തിന്റെ പുരോഗതിയുടെ സമഗ്രമായ അവലോകനം നല്‍കുന്നതിനായി എട്ട് ഇന്ത്യന്‍ ഭാഷകളിലായി (ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി) 2022-ല്‍ പുറത്തിറങ്ങിയ 156 സിനിമകളും പരമ്പരകളും പരിശോധിക്കുകയുണ്ടായി.

വിലയിരുത്തിയ തിയറ്റര്‍ റിലീസുകളില്‍ പകുതിയിലേറെയും സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട 'ബെക്‌ഡെല്‍ ടെസ്റ്റില്‍'പരാജയപ്പെട്ടു.

'വിനോദം ഒരു ശക്തമായ മാധ്യമമാണ്. അത് ഉള്‍ക്കൊള്ളുന്ന വൈവിധ്യ൦ ഉയര്‍ത്തിക്കാട്ടുകയും വേണം. കൂടുതല്‍ നീതിയുക്തമായ ആവാസവ്യവസ്ഥയിലേക്ക് ഒരു ചുവടുകൂടി നീങ്ങുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' ഫിലിം കമ്പാനിയന്‍ സ്ഥാപകയും എഡിറ്ററുമായ അനുപമ ചോപ്ര പറഞ്ഞു.

ട്രെയിലറുകളുടെ മേഖലയില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത് വെറും 27% സംസാര സമയമാണ്. സ്ട്രീമിംഗ് സിനിമകള്‍ സ്ത്രീകള്‍ക്ക് 33% ടോക്ക് ടൈമും അനുവദിക്കപ്പെട്ടു.