15 Jan 2025 11:29 AM GMT
Summary
- ഡിസംബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഒരു ശതമാനമാണ് കുറഞ്ഞത്
- ഇറക്കുമതി 4.9 ശതമാനം ഉയര്‍ന്നു
- കഴിഞ്ഞ മാസത്തെ വ്യാപാര കമ്മി 21.94 ബില്യണ്‍ ഡോളര്‍
ഡിസംബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഒരു ശതമാനം ചുരുങ്ങി 38.01 ബില്യണ്‍ ഡോളറായി. അതേസമയം ഇറക്കുമതി 4.9 ശതമാനം ഉയര്‍ന്ന് 59.95 ബില്യണ്‍ ഡോളറിലെത്തിയതായും വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ വ്യാപാര കമ്മി 21.94 ബില്യണ്‍ ഡോളറാണ്.
നിലവിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ 2025 ല്‍ അന്താരാഷ്ട്ര വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. അതനാല്‍ വ്യാപാര നയം കൂടുതല്‍ സംരക്ഷണാത്മകതയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.പുതുക്കുന്ന വ്യാവസായിക നയങ്ങള്‍, വ്യാപാര യുദ്ധങ്ങളുടെ ഭീഷണി ഇതെല്ലാം ഈ വര്‍ഷത്തെ അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.
നേരത്തെ, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ) അതിന്റെ ലോക ചരക്ക് വ്യാപാര വളര്‍ച്ചയുടെ പ്രവചനം 2025 ല്‍ 3 ശതമാനമായി പരിഷ്‌കരിച്ചു. നേരത്തെ കണക്കാക്കിയിരുന്നത് 3.3 ശതമാനമായിരുന്നു.
പ്രാദേശിക സംഘര്‍ഷങ്ങള്‍, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, നയപരമായ അനിശ്ചിതത്വം എന്നിവ കാരണം പ്രവചനത്തിന്റെ അപകടസാധ്യതകള്‍ കുറയുന്നതായി ആഗോള വ്യാപാര സംഘടന പറഞ്ഞു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഷിപ്പിംഗില്‍ കൂടുതല്‍ തടസങ്ങള്‍ നേരിടുന്നുണ്ട്. അപകടസാധ്യതകള്‍ വര്‍ധിക്കുന്നതു കാരണം ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും വളരെ വലുതാണ്. കൂടാതെ എണ്ണവിലയുടെ വര്‍ധനവും വ്യാപാരത്തെ ബാധിക്കും.