image

31 Jan 2025 4:17 AM GMT

India

ട്രംപിന്റെ താരിഫ് ഭീഷണി; കയറ്റുമതിക്കാര്‍ക്കിടയില്‍ ആശങ്ക

MyFin Desk

trumps tariff threat raises concerns among exporters
X

Summary

  • വിവിധ മേഖലകളിലെ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളുമായി വാണിജ്യ മന്ത്രി ചര്‍ച്ച നടത്തി
  • ഗുണനിലവാര നിയന്ത്രണ ഓര്‍ഡറുകള്‍, വിദഗ്ധ തൊഴിലാളികളുടെ കുറവ് എന്നിവയും കയറ്റുമതി മേഖല നേരിടുന്ന വെല്ലുവിളികള്‍


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി സംബന്ധിച്ച് കയറ്റുമതിക്കാര്‍ക്കിടയില്‍ ആശങ്ക. വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുവ ചുമത്തുമെന്ന യുഎസ് ഭീഷണി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടെക്‌സ്‌റ്റൈല്‍സ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്, തുകല്‍, സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലുകളുമായി ഗോയല്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വ്യവസായികള്‍ ആശങ്ക പ്രകടിപ്പിച്ചത്.

കയറ്റുമതിക്കാര്‍ ഉന്നയിക്കുന്ന മറ്റ് പ്രശ്നങ്ങളില്‍ ഗുണനിലവാര നിയന്ത്രണ ഓര്‍ഡറുകള്‍, കയറ്റുമതി മേഖലകളിലെ വിദഗ്ധ തൊഴിലാളികളുടെ കുറവ്, പലിശ തുല്യതാ പദ്ധതിയുടെ വിപുലീകരണം എന്നിവ ഉള്‍പ്പെടുന്നു.

യുഎസ് ഡോളറിനെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ഇന്ത്യ ഭാഗമായ ബ്രിക്സ് ബ്ലോക്കിലെ രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിക്‌സ് ഒരു പൊതുവായ കറന്‍സി പുറത്തിറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയിലാണ്. ഇതാണ് ട്രംപിന്റെ ഭീഷണിക്കുകാരണം. ഇന്ത്യയെ 'താരിഫ് രാജാവ്' എന്നും ഇറക്കുമതി തീരുവ ദുരുപയോഗം ചെയ്യുന്ന രാജ്യം എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.

യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ് ട്രേഡ് പോളിസി' ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍ ഇന്ത്യ പരിശോധിക്കുകയാണ്.

വര്‍ഷാവര്‍ഷമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ആഗോള അനിശ്ചിതത്വങ്ങള്‍ കാരണം കയറ്റുമതി തുടര്‍ച്ചയായി രണ്ടാം മാസവും ഒരു ശതമാനം ഇടിഞ്ഞു. കയറ്റുമതി 38.01 ബില്യണ്‍ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 5 ശതമാനം ഉയര്‍ന്ന് 59.95 ബില്യണ്‍ ഡോളറായി. പെട്രോളിയം, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന കയറ്റുമതി മേഖലകള്‍ അവലോകന മാസത്തില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.

ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ കയറ്റുമതി 1.6 ശതമാനം വര്‍ധിച്ച് 321.71 ബില്യണ്‍ ഡോളറും ഇറക്കുമതി 5.15 ശതമാനം വര്‍ധിച്ച് 532.48 ബില്യണ്‍ ഡോളറുമായി ഉയര്‍ന്നു.

വ്യാപാര കമ്മി -- ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം -- ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 189.74 ബില്യണ്‍ ഡോളറില്‍ നിന്ന് 210.77 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്തു.