image

16 Jan 2024 8:54 AM GMT

India

ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി താഴ്ന്നു

MyFin Desk

Indias merchandise trade deficit narrows
X

Summary

  • കയറ്റുമതി ഉയര്‍ന്നതാണ് കമ്മി കുറയാന്‍ കാരണമായത്
  • എന്നാല്‍ ചെങ്കടല്‍ പ്രതിസന്ധി വീണ്ടും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയേക്കും


ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലും താഴ്ന്നതായി റിപ്പോര്‍ട്ട്. കയറ്റുമതി ഉയര്‍ന്നതോടെ കമ്മി 19.8 ബില്യണ്‍ ഡോളറായി താഴ്ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വിദഗ്ധര്‍ ഡിസംബറില്‍ പ്രതീക്ഷിച്ചിരുന്ന ചരക്ക് വ്യാപാര കമ്മി 21 ബില്യണ്‍ ഡോളറായിരുന്നു

എന്നാല്‍ ചെങ്കടലില്‍ നിലവിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ ഈ മാസത്തെ കണക്കുകളില്‍ സ്വാധീനം ചെലുത്തും. കയറ്റുമതിക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചുവെക്കുന്നതിനാല്‍ ഈ മേഖലയില്‍ ഇടിവ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ കരുതുന്നു.

യൂറോപ്പുമായുള്ള ഇന്ത്യയുടെ ചരക്ക് വ്യാപാരത്തിന്റെ ഏതാണ്ട് 80ശതമാനവും ചെങ്കടലിലൂടെയാണ് കടന്നുപോകുന്നത്. അവിടെ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് ആഗോള വ്യാപാരത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്.

ഡിസംബറിലെ ഇന്ത്യയുടെ കയറ്റുമതിയെ ചെങ്കടല്‍ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും എന്നാല്‍ അടുത്തിടെ ചില ചരക്കുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ സത്യ ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡിസംബറിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 38.45 ബില്യണ്‍ ഡോളറാണ്, അതേസമയം ഇറക്കുമതി 58.25 ബില്യണ്‍ ഡോളറാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ചരക്ക് കയറ്റുമതി മൊത്തം 317.12 ബില്യണ്‍ ഡോളറായിരുന്നു. അതേ കാലയളവിലെ ഇറക്കുമതി 505.15 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതിയില്‍ 336.30 ബില്യണ്‍ ഡോളറും ഇറക്കുമതിയില്‍ 548.64 ബില്യണ്‍ ഡോളറുമാണ് ഉണ്ടായിരുന്നത്.

ഡിസംബറില്‍ സേവന കയറ്റുമതി 27.88 ബില്യണ്‍ ഡോളറും ഇറക്കുമതി 13.25 ബില്യണ്‍ ഡോളറുമാണ്.