23 March 2024 11:25 AM GMT
Summary
- ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ മുന്നില്‍ യുവതലമുറ
- ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക നിലവില്‍ 2.58 ലക്ഷം കോടി രൂപയാണ്.
- ഇഎംഐ സംവിധാനമാണ് പ്രധാന ആകര്‍ഷണം
ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ വീണ്ടും വന്‍ വര്‍ധന ഇക്കഴിഞ്ഞ ജനുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന. ബാങ്കുകള്‍ നല്‍കുന്ന റിവാര്‍ഡ് പോയിന്റുകള്‍ ലാഭകരമായതിനാല്‍ ചില ബിസിനസ് പോയിന്റുകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.എന്നാല്‍ ഇതിനെ മറികടന്നാണ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡാറ്റ പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഒരു വര്‍ഷം മുമ്പ് 1.3 ലക്ഷം കോടി രൂപയില്‍ നിന്ന് ജനുവരിയില്‍ 1.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല വോളിയം കണക്കിലെടുത്താല്‍, ഈ കാലയളവില്‍ 260 ദശലക്ഷത്തില്‍ നിന്ന് 330 ദശലക്ഷമായി 26 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഇ-കൊമേഴ്‌സ് ഇടപാടുകളും ബില്‍ പേയ്‌മെന്റുകളും മടക്കം മൊത്തം ഇടപാടിന്റെ പകുതിയിലധികവും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ളതാണ്. ഇഎംഐ സംവിധാനം നിലവിലുള്ളതിനാല്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളുടെ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. യുവതലമുറയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ സജീവ വാങ്ങലുകാര്‍.
ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക ഉള്‍പ്പെടെയുള്ള സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് ആര്‍ബിഐ ഉയര്‍ന്ന റിസ്‌ക് വെയിറ്റ് നിര്‍ദ്ദേശിച്ചിട്ടും കാര്‍ഡ് ചെലവുകളും ഇടപാടുകളും വര്‍ദ്ധിച്ചുവെന്നത് ശ്രദ്ധേയമാണ്.
സേവിംഗ്‌സ് എക്കണോമിയില്‍ നിന്ന് ക്രെഡിറ്റിലേക്കോ ഉപഭോഗ സമ്പദ്വ്യവസ്ഥയിലേക്കോ മാറുന്ന ഏതൊരു രാജ്യത്തും കാണുന്ന സാധാരണ പ്രതിഭാസമാണിതെന്ന് പേയ്മെന്റ് ടെക്നോളജി പ്രൊവൈഡറായ ഫിനാന്‍ഷ്യല്‍ സോഫ്റ്റ്വെയര്‍ ആന്‍ഡ് സിസ്റ്റംസ് സിഇഒ വി ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.
'ആഗോളതലത്തില്‍ തന്നെ മിക്ക പേയ്മെന്റ് ഇടപാടുകളും ക്രെഡിറ്റ് കാര്‍ഡുകളിലൂടെയാണ്. ഇപ്പോള്‍ നമുക്ക് പേ ലേറ്റര്‍ സംവിധാനവുമുണ്ട്. അത് മുന്നേറുകയാണ്. കൂടാതെ, കാര്‍ഡ് ഉപയോക്താക്കള്‍ക്കിടയില്‍ ജനപ്രിയമായ ഇഎംഐ സ്‌കീമുകളും ഉണ്ട്. ഇതെല്ലാം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വാങ്ങാനും തവണകളായി തിരിച്ചടയ്ക്കാനും അനുവദിക്കുന്നു, ''ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു
എല്ലാ ചെലവുകളും കുടിശ്ശികയിലേക്ക് നയിക്കുന്നില്ല. നിശ്ചിത തീയതിക്കുള്ളില്‍ തിരിച്ചടവ് നടക്കാത്തവ മാത്രമാണ് സുരക്ഷിതമല്ലാത്തതായി തീരുന്നത്. റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം ജനുവരി അവസാനത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 2.58 ലക്ഷം കോടി രൂപയാണ്.