3 Aug 2023 6:18 AM
Summary
- ഒരു ട്രെയിനിന്‍റെ വില 120 കോടി
- പരമാവധി വേഗം രാജധാനിക്ക് ഒപ്പം, കുലുക്കം കുറവ്
- കരാർ ഈ മാസം തന്നെ ഒപ്പിടും
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പുതിയ സ്ലീപ്പര്‍ വേർഷന്‍ ട്രാക്കിലിറങ്ങുന്നതിന് തയാറെടുക്കുകയാണ്. 200 ട്രെയിനുകളുടെ നിര്‍മാണത്തിനുള്ള കരാറില്‍ ധാരണയായിട്ടുണ്ട്. പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗം ലിമിറ്റഡും (ആർവിഎൻഎൽ) റഷ്യന്‍ കമ്പനിയായ ടിഎംഎച്ച് ഗ്രൂപ്പും ചേര്‍ന്നുള്ള കൺസോർഷ്യമാണ് ഏറ്റവും കുറഞ്ഞ ലേലത്തുക രേഖപ്പെടുത്തി 120 ട്രെയിനുകളുടെ നിര്‍മാണത്തിനുള്ള കരാര്‍ സ്വന്തമാക്കിയത്.
ഒരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന് 120 കോടി എന്ന നിരക്കാണ് ഇവര്‍ സമര്‍പ്പിച്ചിട്ടുള്ളത്. അതായത് 14400 കോടി രൂപയുടെ മൂല്യമാണ് മൊത്തം കരാറിനുള്ളത്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ഫാക്റ്ററിയിലാണ് നിര്‍മാണം നടക്കുക. നിലവില്‍ ട്രാക്കിലുള്ള വന്ദേഭാരത് ട്രെയിനുകള്‍ക്ക് ജിഎസ്‍ടി ഉള്‍പ്പടെ 108 കോടി രൂപയുടെ നിര്‍മാണ ചെലവാണ് കണക്കാക്കുന്നത്.
കരാര്‍ ഒപ്പിടുന്നതു മുതലുള്ള രണ്ട് വര്‍ഷത്തിനിടയില്‍ ഈ ട്രെയിനുകളുടെ ആദ്യ പ്രൊട്ടൊടൈപ്പ് പുറത്തിറക്കാനാകും എന്നാണ് ആർവിഎൻഎൽ പ്രതീക്ഷിക്കുന്നത്. ഈ മാസം തന്നെ കരാര്‍ ഒപ്പിടും. 80 ട്രെയിനുകള്‍ക്കുള്ള കരാര്‍ സ്വന്തമാക്കിയത് തിത്ഗഡ് റെയില്‍ സിസ്‍റ്റംസും ഭെല്ലും (ബിഎച്ച്ഇഎല്‍) ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ്.
വന്ദേഭാരത് സ്ലീപ്പറിന്‍റെ പ്രത്യേകതകള്‍
ഓരോ വന്ദേ ഭാരത് ട്രെയിനും നിർമിക്കപ്പെടുന്നത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാനാകുന്ന തരത്തിലാണ്. 16 ബോഗികളില്‍ 13 എണ്ണം എസി 3 കോച്ചുകളായിരിക്കും. രണ്ട് എസി 2 കോച്ചുകളും ഒരു എസി 1 കോച്ചുമാണ് ഉണ്ടാകുക. കോച്ചുകളുടെ എണ്ണം റെയില്‍വേക്ക് പിന്നീട് 20 അല്ലെങ്കില്‍ 24 ആയി ഉയര്‍ത്താനാകും.
നിലവില്‍ രാജധാനി എക്സ്‍പ്രസിനും 160 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ എത്താന്‍ ശേഷിയുണ്ട്. എന്നാല്‍ രാജധാനിയെ അപേക്ഷിച്ച് വന്ദേഭാരത് സ്ലീപ്പറുകള്‍ക്ക് വേഗത കൂട്ടുന്നത് വേഗത്തില്‍ സാധിക്കുമെന്ന് ആർവിഎൻഎൽ ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ കുലുക്കവും ശബ്ദവും താരതമ്യേന കുറവും ആയിരിക്കും.
ആക്സിലറേഷന്‍ കൂടുതലാണ് എന്നതിനാല്‍ രാജധാനികളേക്കാൾ കൂടുതൽ തവണ പരമാവധി വേഗം കൈവരിക്കാൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് കഴിയും. വന്ദേ ഭാരത് ട്രെയിനുകളുടെ നിലവിലെ പതിപ്പിന് 60 സെക്കൻഡിനുള്ളിൽ വേഗത പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് എത്തിക്കാനാകും. സ്ലീപ്പർ പതിപ്പുകൾക്കും സമാനമായ ആക്സിലറേഷൻ ഉണ്ടായിരിക്കുമെന്നാണ് ആർവിഎൻഎൽ പറയുന്നത്.
ഡിസ്ട്രിബ്യൂട്ടഡ് പവർ സിസ്റ്റമാണ് വന്ദേ ഭാരത് ട്രെയിനുകളില്‍ ഉള്ളത് എന്നതിനാല്‍, മുൻഭാഗത്ത് എഞ്ചിനുള്ള ട്രെയിനുകളെ അപേക്ഷിച്ച് റെയിൽവേ ട്രാക്കുകളിൽ പ്രയോഗിക്കുന്ന ബലം കുറവായിരിക്കും. അതായത് റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണികൾക്ക് ചെലവഴിക്കുന്ന തുക കുറയ്ക്കാനും ഇത്തരം ട്രെയിനുകള്‍ വഴിവെക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.