image

20 Aug 2023 10:57 AM GMT

India

ഇനി 2 ദിവസം കൂടി; ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാന്‍ 3

MyFin Desk

chandrayaan 3 is about to touch the moon
X

Summary

  • എല്ലാം പരാജയപ്പെട്ടാലും ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ്ആര്‍ഒ
  • ലൂണയ്ക്ക് സമാനമായ പരാജയമായിരുന്നു ചന്ദ്രയാന്‍ 2 ഏറ്റുവാങ്ങിയത്


ഇന്ത്യയുടെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനെ തൊടാന്‍ ഇനി 2 ദിവസങ്ങള്‍ മാത്രം. നിശ്ചിത പദ്ധതികള്‍ പ്രകാരം ഓഗസ്റ്റ് 23നാണ് പേടകത്തിന്‍റെ ലാന്‍ഡിംഗ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവരെയുള്ള നടപടിക്രമങ്ങളെല്ലാം സമയബന്ധിതമായി തടസങ്ങളില്ലാതെ മുന്നോട്ടുപോയിയെന്നാണ് ഐഎസ്ആര്‍ഒ ലഭ്യമാക്കിയിട്ടുള്ള വിവരം. ചന്ദ്രയാന്‍റെ പുതിയ പതിപ്പിനൊപ്പം ചന്ദ്രനില്‍ ഇറങ്ങാനിരുന്ന റഷ്യന്‍ പേടകം ലൂണ 25 ഇന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ജുലൈ 14ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 3ുമായി കുതിച്ചുയര്‍ന്നത് ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റാണ്. ചന്ദ്രോപരിതലത്തിലെത്താന്‍ വേണ്ടത് 40 ദിവസമാണ്. വിക്ഷേപിച്ച് 22-ാം മിനിറ്റില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തി.

ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാൻ-3ൽ സജ്ജീകരിച്ചിരിക്കുന്നത്. അതിന്റെ ഭാരം ഏകദേശം 3,900 കിലോഗ്രാം ആണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ഇറക്കുക. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ശേഷമാകും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നും ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ വേര്‍പ്പെടുക. ബാക്കിയെല്ലാ കാര്യങ്ങളും തകരാറിലായാലും ഒരു സോഫ്റ്റ് ലാന്‍ഡിംഗാണ് ചന്ദ്രയാനിന്‍റെ വിക്രം ലാന്‍ഡര്‍ നടത്തുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി. ലൂണയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗത്യം വിജയിച്ചാല്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ചന്ദ്രയാന്‍ 2 സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. 2019-ലായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം.

ചന്ദ്രയാന്‍ 2ന് സംഭവിച്ച പോരായ്മ ചന്ദ്രയാന്‍ 3ന് സംഭവിക്കാതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. സുഗമമായി ലാന്‍ഡ് ചെയ്യാന്‍ ലാന്‍ഡറിന്റെ കാല്‍ കൂടുതല്‍ ശക്തിപ്പെടുത്തി. കൂടുതല്‍ സൗരോര്‍ജ പാനലുകളും പേടകത്തിലുണ്ട്.