14 Dec 2023 9:56 AM GMT
Summary
- നിലവിലുള്ള സ്‌കീമിന്റെ പുതുക്കിയ പതിപ്പായിരിക്കും അവതരിപ്പിക്കുക
- പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നടപ്പാക്കിയേക്കും
- മൈക്രോണിന് അനുമതിലഭിച്ചതിനെത്തുടര്‍ന്ന അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള തിരക്കേറി
രാജ്യത്ത് ഇലക്ട്രോണിക്, സെമികണ്ടക്റ്റര്‍ ഘടക പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍, സര്‍ക്കാര്‍ 10,000 കോടി രൂപയുടെ പുതുക്കിയ ഇന്‍സെന്റീവ് പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഈ പ്ലാന്‍ ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്റ്ററുകളുടെയും നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ സ്‌കീമിന്റെ ഒരു പുതുക്കിയ പതിപ്പായിരിക്കും. പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ലോഞ്ച് ചെയ്‌തേക്കും.
ഇപ്പോള്‍ നടപ്പിലാക്കുന്ന റീഇംബേഴ്സ്മെന്റ് രീതിക്ക് പകരം 'പാരി-പാസു' (തുല്യമായ നിലയിലുള്ള) അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുന്നതിന് പദ്ധതി സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
ധനകാര്യരംഗത്ത് 'തുല്യമായ നില' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, ഒരു സാമ്പത്തിക കരാറിലോ ക്ലെയിമിലോ ഉള്ള രണ്ടോ അതിലധികമോ കക്ഷികളെല്ലാം ഒരുപോലെ പരിഗണിക്കപ്പെടുന്നു എന്നാണ്.
ഡിസംബര്‍ 11 ന്, സിഐഐ ഇലക്ട്രോണിക് ഉച്ചകോടിയില്‍, ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ക്കുള്ള പ്രോത്സാഹന പദ്ധതിയുടെ രണ്ടാം പതിപ്പിനായി കേന്ദ്രം പ്രവര്‍ത്തിക്കുകയാണെന്ന് ഇലക്ട്രോണിക്‌സ് മന്ത്രാലയം അറിയിച്ചിരുന്നു. ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്റ്ററുകളുടെയും നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണിത്.
എച്ച്സിഎല്‍ ഗ്രൂപ്പും തമിഴ്നാട് ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പും അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) മേഖലയിലേക്ക് കടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.
ഈ എടിഎംപി പ്ലാന്റുകളെ പിന്തുണയ്ക്കുന്നതിനായി വിവിധ ഘടക നിര്‍മ്മാതാക്കളും അനുബന്ധ വ്യവസായങ്ങളും ഇന്ത്യയില്‍ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാരില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗുജറാത്തിലെ സാനന്ദില്‍ എടിഎംപി യൂണിറ്റ് സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മൈക്രോണിന് ലഭിച്ചതിനെ തുടര്‍ന്ന് അനുബന്ധ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ തിരക്ക് കൂടിയിട്ടുണ്ട്. മൈക്രോണ്‍ യൂണിറ്റിന് സമീപമുള്ള ഭൂമിയാണ് ഇത്തരം കമ്പനികള്‍ അന്വേഷിക്കുന്നത്. പുതിയ ചിപ്പ് ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നിടത്തെല്ലാം ഇത്തരം അനുബന്ധ യൂണിറ്റുകള്‍ വരേണ്ടിവരുമെന്ന് അധികൃതര്‍ എടുത്തുപറഞ്ഞു.