2 May 2024 6:51 AM GMT
Summary
- എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങളിലാണ് രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
- കണ്ടെത്തിയത് കാര്‍സിനോജന്‍ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയായ എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം.
- ഈ ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും വ്യാപാരികളോട് സിഎഫ്എസ്
ഇന്ത്യ കയറ്റുമതി ചെയ്യുന്ന കറിമസാലയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിയന്ത്രണം കടുത്തതോടെ സംസ്ഥാനങ്ങളോട് പരിശോധന ശക്തമാക്കാന്‍ കേന്ദ്രം. എവറസ്റ്റ്, എംഡിഎച്ച് എന്നീ ബ്രാന്‍ഡുകളുടെ നാല് കറി മസാല ഉല്‍പ്പന്നങ്ങളിലാണ് രാസവസ്തുക്കള്‍ കണ്ടെത്തിയത്. എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല, എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നീ ഉല്‍പന്നങ്ങളിലാണ് അര്‍ബുദമുണ്ടാക്കുന്ന എഥിലീന്‍ ഓക്‌സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു.
ഓസ്‌ട്രേലിയയും അമേരിക്കയും നിരോധനത്തിലേക്ക് നീങ്ങിയേക്കാമെന്നാണ് സൂചന. ഇത് രാജ്യത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതി മൊത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗുണനിലവാര പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്‌പൈസസ് ബോര്‍ഡും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്തിവരികയാണ്.
കുറഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്സൈഡില്‍ നിന്ന് പെട്ടെന്നുള്ള അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തുവിന്റെ തുടര്‍ച്ചയായ ഉപയോഗം അര്‍ബുദത്തിന് കാരണമാക്കുമെന്നാണ് കണ്ടെത്തല്‍.
നിലവില്‍ ഉത്തരാഖണ്ഡ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഭക്ഷ്യ സുഗന്ധവ്യഞ്ജന വസ്തുക്കളും പരിശോധിക്കാനാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ തീരുമാനം. ഉത്തരാഖണ്ഡില്‍ 50 ലധികം സുഗന്ധവ്യഞജ്‌ന ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്. 13 ജില്ലകളിലെയും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരോട് സുഗന്ധവ്യഞ്ജന നിര്‍മാണ യൂണിറ്റുകളില്‍ പോയി വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സാമ്പിള്‍ പരിശോധന നടത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ പറഞ്ഞു.