31 Oct 2024 7:33 AM GMT
രാജ്യത്ത് എവിടെ നിന്നും ജനനവും മരണവും രജിസ്റ്റർ ചെയ്യാം, മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ
MyFin Desk
ജനന-മരണ രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ പൗരന്മാർക്ക് എവിടെ വെച്ചും, ഏത് സമയത്തും ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആപ്പിലൂടെ സാധിക്കും. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും വ്യത്യസ്‌ത ഭാഷകൾ ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (CRS) എന്നാണ് മൊബൈൽ ആപ്പിന് പേരിട്ടിരിക്കുന്നത്.
സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന രീതി
രജിസ്‌ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സിആർഎസ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് യൂസർ ഐഡിയും പാസ്‌വേഡും നിർമിച്ച് ലോഗിൻ ചെയ്യുക. തുറന്നുവരുന്ന ആപ്പിന്‍റെ ഹോം സ്ക്രീനിൽ ജനന മരണങ്ങൾ പ്രദർശിപ്പിക്കും.
ജനനം, മരണം, ദത്തെടുക്കൽ, പ്രൊഫൈൽ, പേയ്‌മെന്‍റ് തുടങ്ങിയ ഓപ്‌ഷനുകൾ കാണാനാവും. ജനനം രജിസ്റ്റർ ചെയ്യാൻ, 'ബർത്ത്/ ജനനം' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം ജനനത്തീയതി, വിലാസം, കുട്ടിയുടെ കുടുംബ വിശദാംശങ്ങൾ എന്നിവ നൽകുക. മരണം രജിസ്റ്റർ ചെയ്യുന്നതിന് 'ഡെത്ത്/ മരണം' എന്ന ഓപ്‌ഷനും തെരഞ്ഞെടുക്കാവുന്നതാണ്. പ്രക്രിയ പൂർത്തിയാക്കിയാൽ ആവശ്യമായ സർട്ടിഫിക്കറ്റ് ലഭ്യമാകും. തുടർന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.