image

1 Nov 2023 7:50 AM GMT

India

നാലാം തലമുറ ശസ്ത്രക്രിയാ റോബോട്ടുമായി ബെംഗളൂരുവില്‍ ആസ്‍റ്ററിന്‍റെ മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്‍പിറ്റല്‍

MyFin Desk

Robotic oncology program with 4th gen Da Vinci Surgical System Xi
X

Summary

  • ബെംഗളൂരുവിലെ ആസ്‍റ്ററിന്‍റെ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്‍പിറ്റലാണ് ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത്
  • ബെംഗളൂരു വൈറ്റ്ഫീല്‍ഡിലാണ് പുതിയ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്


ബെംഗളൂരുവിലെ തങ്ങളുടെ മൂന്നാമത്തെ മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ പ്രവര്‍ത്തനത്തിന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ തുടക്കമിട്ടു. 506 കിടക്കകളുള്ള ആശുപത്രി വൈറ്റ്ഫീല്‍ഡിന്‍റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ആസ്റ്റർ സിഎംഐ, ആസ്റ്റർ ആർവി ഹോസ്പിറ്റൽ എന്നിവയുടെ വിജയത്തെ തുടർന്നാണ് ബെംഗളൂരുവില്‍ തന്നെ മറ്റൊരു ആശുപത്രി കൂടി അവതരിപ്പിക്കുന്നതിന് ഗ്രൂപ്പ് തയാറായത്. ചൊവ്വാഴ്ച നടന്ന ഉദ്ഘാടനത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ശരണ്‍ പ്രകാശ് പാട്ടിലും നിയമസഭാ സ്‍പീക്കര്‍ യു.ടി. ഖാദറും പങ്കെടുത്തു.

ഇന്ത്യയിലെ ആസ്‍റ്ററിന്‍റെ 19-ാമത്തെ ആശുപത്രിയാണിത്. ക്യാൻസറിന്റെ കൃത്യമായ ചികിത്സയ്ക്കായി ഇൻട്രാ ഓപ്പറേറ്റീവ് ഇലക്‌ട്രോൺ റേഡിയേഷൻ തെറാപ്പി (ഐഒഇആർടി) വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായിരിക്കും ആസ്റ്റർ വൈറ്റ്ഫീൽഡ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഹൈബ്രിഡ് ബിപ്ലെയ്ൻ കാത്‌ലാബ്, 3 ഡി മാമോഗ്രാം, ഡിജിറ്റൽ പിഇടി സിടി തുടങ്ങിയ നിരവധി അത്യാധുനിക സജ്ജീകരണങ്ങളും ഇവിടെയുണ്ടെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഓങ്കോളജിയിലും യൂറോളജിയിലും നൂതന ശസ്ത്രക്രിയകൾക്കായി നാലാം തലമുറ ഡാവിഞ്ചി റോബോട്ടും (ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കുന്ന റോബോട്ടിക് സംവിധാനം) അത്യാധുനിക ഒടി കോംപ്ലക്സും 16 ഓപ്പറേഷൻ തിയറ്ററുകളും ഉയർന്ന നിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

“ ബെംഗളൂരുവില്‍ ഞങ്ങളുടെ മൂന്നാമത്തെ അത്യാധുനിക ആശുപത്രി സ്ഥാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെ ഞങ്ങളുടെ രോഗികൾക്ക് ആരോഗ്യ സംരക്ഷണം ആക്സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിനുള്ള പ്രതിബദ്ധതയ്ക്കും ഇന്ത്യയിലെ വളര്‍ച്ചാ പദ്ധതിക്കും അനുസൃതമാണ് പുതിയ ആശുപത്രി,"ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിന്റെ ഉദ്ഘാടന വേളയിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു,

"ആസ്‌റ്റർ വൈറ്റ്‌ഫീൽഡ് ഹെൽത്ത് കെയർ ആരോഗ്യ പരിചരണ ഗുണമേന്‍മയില്‍ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. സമാനതകളില്ലാത്ത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും സഹാനുഭൂതിയുമായി വൈദഗ്ദ്ധ്യം സമന്വയിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ഇന്ത്യയിലെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. നിതീഷ് ഷെട്ടി പറഞ്ഞു.