15 Jun 2023 8:10 AM
Summary
- ആമസോണിന്റെ വളരെ പോപ്പുലറായ വീഡിയോ പ്ലാറ്റ്‌ഫോമാണ് പ്രൈം വീഡിയോ
- പ്രൈമുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രൈം ലൈറ്റില്‍ യൂസര്‍ക്ക് ലഭിക്കുന്ന ബെനഫിറ്റ് കുറവാണ്
- ഇന്ത്യയില്‍ 424 ദശലക്ഷത്തിലധികം ഒടിടി യൂസര്‍മാരുണ്ടെന്നാണ് കണക്കാക്കുന്നത്
ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രൈം ലൈറ്റ് എന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആമസോണ്‍ അവതരിപ്പിച്ചു. ഇത് ഒരു വാര്‍ഷിക പ്ലാനാണ്. ഇന്ത്യയില്‍ 999 രൂപയാണ് പ്രതിവര്‍ഷ ഫീസ്. സിംഗിള്‍ പ്ലാനാണ് പ്രൈം ലൈറ്റ്. ആമസോണ്‍ പ്രൈം മെംബര്‍ഷിപ്പിന് പ്രതിവര്‍ഷം ഈടാക്കുന്നത് 1499 രൂപയാണ്.
ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ്, iOS, വെബ് യൂസര്‍മാര്‍ക്ക് ആമസോണ്‍ പ്രൈം ലൈറ്റ് സേവനം ലഭ്യമായിരിക്കും. ഈ പ്ലാനിലേക്ക് യൂസര്‍ക്ക് സൈന്‍ അപ്പ് (sign up) ചെയ്യുന്നതിന് ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് എന്നിവയിലൊന്നു തിരഞ്ഞെടുക്കാം.
ആമസോണിന്റെ പ്രൈമുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രൈം ലൈറ്റില്‍ യൂസര്‍ക്ക് ലഭിക്കുന്ന ബെനഫിറ്റ് അഥവാ ആനുകൂല്യം കുറവാണ്. ആമസോണ്‍ മ്യൂസിക്, പ്രൈം റീഡിംഗ്, പ്രൈം ഗെയ്മിംഗ് തുടങ്ങിയവയിലേക്കൊന്നും പ്രൈം ലൈറ്റിന്റെ യൂസര്‍ക്ക് പ്രവേശനം ലഭിക്കില്ല.
ഇതിനു പുറമെ പ്രൈം അഡ്വാന്റേജ് എന്നൊരു ആനുകൂല്യ സ്‌കീമുണ്ട്. അതിലും പ്രൈം ലൈറ്റ് യൂസര്‍ക്ക് ആക്‌സസ് ലഭിക്കില്ല.
പ്രൈം അഡ്വാന്റേജ് സ്‌കീമിലൂടെ ഉപയോക്താക്കള്‍ക്കു സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ നോ കോസ്റ്റ് ഇഎംഐയും തിരഞ്ഞെടുത്ത ഉപകരണങ്ങളില്‍ 6 മാസം വരെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും.
ആമസോണ്‍ പ്രൈം മെംബര്‍മാര്‍ക്ക് ആറ് ഡിവൈസുകളില്‍ വരെ പ്രൈം വീഡിയോ 4K കണ്ടന്റ് സ്ട്രീം ചെയ്യാനാകും. അതും പരസ്യങ്ങളൊന്നുമില്ലാതെ.
ആമസോണിന്റെ വളരെ പോപ്പുലറായ വീഡിയോ പ്ലാറ്റ്‌ഫോമാണ് പ്രൈം വീഡിയോ.
പ്രൈം ലൈറ്റ് മെംബര്‍മാര്‍ക്ക് പ്രൈം മെംബര്‍മാരുടേതു പോലെ പ്രൈം വീഡിയോ സ്ട്രീം ചെയ്യാനാകുമെങ്കിലും 4K യില്‍ സാധിക്കില്ല. പകരം HD യില്‍ മാത്രമായിരിക്കും വീഡിയോ സ്ട്രീം ചെയ്യാനാവുക.
പ്രൈം ലൈറ്റ് സബ്സ്‌ക്രിപ്ഷന്റെ ഏറ്റവും വലിയ പോരായ്മ എന്നു പറയാവുന്നത് സിനിമ, ടിവി ഷോ, ലൈവ് സ്പോര്‍ട്സ് എന്നിവയ്ക്കു പരസ്യങ്ങള്‍ ഉണ്ടായിരിക്കും എന്നതാണ്.
ഇന്ത്യയില്‍ 424 ദശലക്ഷത്തിലധികം ഒടിടി യൂസര്‍മാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഒടിടി വിപണി പിടിക്കാന്‍ സമീപകാലത്തായി സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സും, ആമസോണും, റിലയന്‍സ് ജിയോ സിനിമയും വ്യത്യസ്ത തന്ത്രങ്ങളാണ് പരീക്ഷിക്കുന്നത്. സേവനദാതാക്കള്‍ കുറഞ്ഞ നിരക്കുള്ള പ്ലാനുകള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്.
ആമസോണിന് പുറമെ, നെറ്റ്ഫ്‌ളിക്‌സും അതിന്റെ വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ആകര്‍ഷണീയ സബ്സ്‌ക്രിപ്ഷനുകള്‍ പരീക്ഷിച്ചു വരികയാണ്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പരസ്യ പിന്തുണയുള്ള (ad-supported) സ്ട്രീമിംഗ് പ്ലാന്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിക്കുകയാണ്.
ആഗോളതലത്തില്‍ 200 ദശലക്ഷം യൂസര്‍മാരാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. വീഡിയോ സ്ട്രീമിംഗ് സേവനം പാസ്‌വേഡ് ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്ന യൂസര്‍മാരെ നിയന്ത്രിക്കാന്‍ നടപടികളുമായി സമീപകാലത്ത് നെറ്റ്ഫ്‌ളിക്‌സ് രംഗത്തുവന്നിരുന്നു. പാസ്‌വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിയന്ത്രിക്കുകയല്ല, പകരം കുടുംബാംഗങ്ങള്‍ മാത്രം പങ്കുവച്ചാല്‍ മതിയെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചത്. വീട്ടിലല്ലാതെ മറ്റൊരിടത്തുള്ള വ്യക്തിക്ക് അക്കൗണ്ട് പാസ്‌വേഡ് കൈമാറണമെങ്കില്‍ യൂസര്‍ അധിക തുക നല്‍കണമെന്ന നിലപാടായിരുന്നു നെറ്റ്ഫ്‌ളിക്‌സ് സ്വീകരിച്ചത്.
നിലവില്‍, മാര്‍ച്ചിലെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 232.5 ദശലക്ഷം പണമടയ്ക്കുന്ന ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.