13 Jan 2024 7:12 AM GMT
Summary
- 41,299 പദ്ധതികള്‍ക്കുള്ള ധാരണാപത്രങ്ങള്‍ ഒപ്പിട്ടു
- ഉച്ചകോടിയുടെ 9-ഉം 10-ഉം എഡിഷനുകള്‍ക്കിടയില്‍ ഒപ്പിട്ടത് 98,540 ധാരണാപത്രങ്ങള്‍
- നിരവധി രാഷ്ട്ര നേതാക്കളും ഉച്ചകോടിയുടെ ഭാഗമായി
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ (വിജിജിഎസ്) 2024-ന്റെ പത്താം പതിപ്പില്‍ നിക്ഷേപ പ്രവാഹം. 26.33 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങളുള്ള 41,299 പദ്ധതികള്‍ക്കായുള്ള ധാരണാപത്രങ്ങളാണ് ഉച്ചകോടിയില്‍ ഒപ്പുവെച്ചതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.
140-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 61,000-ലധികം പ്രതിനിധികള്‍ പങ്കെടുത്ത ദ്വിവത്സര ഉച്ചകോടിയുടെ സമാപനത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റായ എക്സിലെ ഒരു പോസ്റ്റിലാണ് പട്ടേല്‍ ധാരണാപത്രങ്ങളെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ഔദ്യോഗിക നിക്ഷേപക ഫെസിലിറ്റേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിശദാംശങ്ങള്‍ പ്രകാരം, ഉച്ചകോടിയുടെ 9-ഉം 10-ഉം എഡിഷനുകള്‍ക്കിടയിലുള്ള കാലയളവില്‍ 45.20 ലക്ഷം കോടി രൂപയുടെ നിര്‍ദിഷ്ട നിക്ഷേപമുള്ള 98,540 പദ്ധതികള്‍ക്കായുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.
43.24 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള 21,536 വന്‍കിട മേഖലാ നിര്‍ദേശങ്ങളും 19.58 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം വിഭാവനം ചെയ്യുന്ന 77,004 കരാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ലഭ്യമായ വിശദാംശങ്ങള്‍ പ്രകാരം നഗരവികസനം, ധാതുക്കള്‍, രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ്, മൃഗസംരക്ഷണം, മത്സ്യബന്ധനം, പവര്‍, ഓയില്‍ & ഗ്യാസ്, അഗ്രോ ആന്‍ഡ് ഫുഡ് പ്രോസസിംഗ്, ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപ നിര്‍ദ്ദേശങ്ങളുള്ള മേഖലകള്‍.
2019 ഫെബ്രുവരി ഒന്നിനും 2024 ജനുവരി 12 നും ഇടയില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവച്ച മറ്റ് മേഖലകളില്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, ഗ്രാമീണ വികസനം, ഗ്രാമീണ ഭവനങ്ങള്‍, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, ഓട്ടോ, ആരോഗ്യ സംരക്ഷണം, ഫാര്‍മ, ടൂറിസം എന്നിവ ഉള്‍പ്പെടുന്നു.
ജനുവരി 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായിരുന്നു.
മൊസാംബിക് (ഫിലിപ്പ് ന്യൂസി), ടിമോര്‍-ലെസ്റ്റെ (ജോസ് റാമോസ്-ഹോര്‍ട്ട), ചെക്ക് റിപ്പബ്ലിക് (പീറ്റര്‍ പാവല്‍) എന്നീ മൂന്ന് രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തവും ഉച്ചകോടിയിലുണ്ടായിരുന്നു.
വിയറ്റ്നാം ഉപപ്രധാനമന്ത്രി ട്രാന്‍ ലു ക്വാങ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40-ലധികം മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങളും ഉച്ചകോടിയുടെ ഭാഗമായി. സമാപന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു.